കോയമ്പത്തൂർ : സാധാരണക്കാരന്റെ അടുക്കളയിലെ അവശ്യവസ്തുവായ തക്കാളിയുടെവില പിടിച്ചുനിർത്താൻ സർക്കാരിനുകീഴിലെ സഹകരണസംഘങ്ങൾ ശ്രമം തുടങ്ങി. 75 രൂപയ്ക്കാണ് ഒരു കിലോ തക്കാളി കോയമ്പത്തൂരിലെ സഹകരണസംഘങ്ങൾ ആയ ചിന്താമണി, ടി.യു.സി.എസ്. എന്നിവിടങ്ങളിൽ ബുധനാഴ്ചതൊട്ട് നൽകിത്തുടങ്ങിയത്.

കടകളിൽ 120-130 രൂപയ്ക്ക് വിൽക്കുമ്പോഴാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണസംഘം പച്ചക്കറിച്ചന്തകളിൽ വിലകുറച്ച് ലഭ്യമാക്കുന്നത്.

വട കോവൈ ചിന്താമണി, പൂ മാർക്കറ്റ്, തെലുങ്കുപാളയം, പാപ്പനായിക്കംപാളയം, ഒണ്ടിപുത്തൂർ തുടങ്ങി 10 സ്ഥലങ്ങളിലെ ചന്തകളിലാണ് തക്കാളി എത്തിച്ചത്. ചിന്താമണി സഹകരണസംഘമാണ് മൊത്തമായി തക്കാളിവാങ്ങി കടകളിലേക്ക് എത്തിക്കുന്നത്. മറ്റ് പച്ചക്കറികളും വിലകുറച്ച് എത്തിച്ചിട്ടുണ്ട്. നിത്യോപയോഗത്തിനുള്ള എല്ലാ പച്ചക്കറികളും കൂടുതലായി എത്തിക്കാൻ നടപടി എടുത്തുവരികയാണെന്ന് സഹകരണവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.