കൂറ്റനാട് : 19 വയസ്സുമുതൽ 70 വയസ്സുവരെ ചെത്തുതൊഴിലാളിയായി സേവനംനടത്തിയ കോതച്ചിറ മൂളിപ്പറമ്പ് അഞ്ചംകുമരത്ത് വളപ്പിൽ പരേതനായ തയ്യന്‍റെ മകൻ എ.ടി. പുരുഷോത്തമന് അംഗീകാരം.

ജില്ലയിൽ ദീർഘകാലം ചെത്തുതൊഴിലാളിയായി ജോലിചെയ്തതിനുള്ള കേരളാ കള്ളുചെത്ത് വ്യവസായ ക്ഷേമനിധി ബോർഡിന്റെ പാരിതോഷികം ക്ഷേമനിധിബോർഡംഗം എ. പ്രഭാകരൻ എം.എൽ.എ.യിൽനിന്ന്‌ എ.ടി. പുരുഷോത്തമൻ സ്വീകരിച്ചു. പെരിങ്ങോട് ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. കരിമ്പനകൾ നാട്ടിൽ കുറഞ്ഞുതുടങ്ങിയപ്പോൾ പ്രദേശത്ത് തെങ്ങുചെത്താൻ തുടങ്ങിയ ആദ്യത്തെ തൊഴിലാളിയും എ.ടി. പുരുഷോത്തമനാണ്. മണിയേട്ടൻ എന്നാണ് നാട്ടുകാർ ഇദ്ദേഹത്തെ വിളിക്കുന്നത്. അമ്പതിനായിരം രൂപയും സാക്ഷ്യപത്രവുമാണ് പാരിതോഷികമായി ലഭിച്ചത്. 71 വയസ്സുകഴിഞ്ഞെങ്കിലും മണി വെറുതെയിരിക്കാൻ തയ്യാറല്ല. കൃഷിരംഗത്ത് സജീവമാകാനാണ് ആഗ്രഹം. വസന്തയാണ് ഭാര്യ. മക്കൾ: സജിത, സംഗീത, സജീഷ്‌കുമാർ.