ആലത്തൂർ : സംസ്ഥാനത്ത് കർഷകക്ഷേമ ബോർഡിന്റെ പ്രവർത്തനം ഈവർഷം ആരംഭിക്കും. 35 ലക്ഷം കർഷകരെ അംഗങ്ങളാക്കുന്നതിന് ഡിസംബർ ആദ്യവാരത്തോടെ അപേക്ഷ സ്വീകരിച്ചുതുടങ്ങും. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാമെന്ന്

കർഷകക്ഷേമ ബോർഡംഗം കെ.വി. വസന്ത്കുമാർ പറഞ്ഞു.

അംശദായമടയ്‌ക്കുന്ന ഏതുതരം കൃഷിചെയ്യുന്ന കർഷകനും 3,500 രൂപ മുതൽ 10,000 രൂപവരെ പെൻഷൻ ഉറപ്പാക്കും. 100 രൂപ അഞ്ചുവർഷം വിഹിതമടച്ച കർഷകർക്കും 60 വയസ്സുവരെ വിഹിതമടച്ചവർക്കും ആനുകൂല്യം ലഭിക്കും. കൂടുതൽതുകയടച്ചാൽ അതിന് ആനുപാതികമായി പെൻഷൻതുകയും കൂടും. 250 രൂപയാണ് സർക്കാർവിഹിതം.

കേരളബാങ്ക് മുഖേന വിഹിതമടയ്‌ക്കാൻ സൗകര്യമൊരുക്കും.

തൃശ്ശൂർ ആസ്ഥാനമായാണ് ബോർഡ് പ്രവർത്തിക്കുക. തിരുവന്തപുരത്തും കോഴിക്കോടും മേഖലാ ഓഫീസുകളുണ്ടാകും. ബോർഡംഗങ്ങളെ നിയമിച്ചുകഴിഞ്ഞു. സപ്ലൈകോ നെല്ല് സംഭരിക്കുമ്പോൾ ഒരുശതമാനം സെസ് ഏർപ്പെടുത്തി ആ തുകകൂടി കർഷകക്ഷേമ ബോർഡിന്റെ പ്രവർത്തനത്തിനായി നൽകാനും ആലോചനയുണ്ട്.

ആർക്കൊക്കെ ചേരാം

:18 മുതൽ 55 വയസ്സുവരെയുള്ള കർഷകർ. അഞ്ചുസെന്റ് മുതൽ അഞ്ചേക്കർവരെ കൃഷി സ്ഥലമുള്ളവർ. പാട്ടക്കരാർപ്രകാരം കൃഷിചെയ്യുന്നവർ. ക്ഷീരകർഷകർ ഉൾപ്പെടെ കൃഷി വകുപ്പ് അംഗീകരിച്ച എല്ലാകൃഷിയും ചെയ്യുന്നവർ.

ആനുകൂല്യങ്ങൾ

:ചികിത്സ, വിവാഹം, പ്രസവം, വിദ്യാഭ്യാസം എന്നിവയ്‌ക്കും മരണാനന്തരവും ധനസഹായം ലഭിക്കും. ഇൻഷുറൻസ് പരിരക്ഷകൂടി നൽകുന്നതിനുള്ള രൂപരേഖ തയ്യാറായിവരികയാണ്. ക്ഷേമബോർഡിൽ വിഹിതമടച്ച കർഷകൻ മരിച്ചാൽ അവകാശിക്ക് കുടുംബപെൻഷൻ ലഭിക്കും.