ശ്രീകൃഷ്ണപുരം : ഗജരാജാക്കൻമാരായ ഗണപതിയും കർണനും ചിന്നംവിളിച്ചുവളർന്ന മംഗലാംകുന്ന് ആനത്തറവാട് മൂന്നുദിവസമായി കണ്ണീരിലാണ്. ഒന്നിനുപിറകെ ഒന്നായി രാജനും ഗജേന്ദ്രനും യാത്രയായി. കർണൻ പിരിഞ്ഞ് ഒരുവർഷം തികയുംമുമ്പേയാണ് ഇരട്ടപ്രഹരം. 18 ആനകളുണ്ടായിരുന്ന മംഗലാംകുന്നിൽ ആനകളുടെ എണ്ണം ഇതോടെ ആറായി. അയ്യപ്പൻ, ശരൺ അയ്യപ്പൻ, മുകുന്ദൻ, കേശവൻ, രാമചന്ദ്രൻ എന്നിവരാണ് മറ്റ് ആനകൾ. പണ്ട് ഒരു സ്വകാര്യ വ്യകതിക്ക് ഏറ്റവും കൂടുതൽ ആനകളുണ്ടായിരുന്നത് മംഗലാംകുന്നിലായിരുന്നു. സോൺപൂർ ആനമേളയിൽനിന്നായിരുന്നു ഇവിടേക്ക് ആനകളെത്തിയിരുന്നത്.

മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരുന്നതിന് നിയന്ത്രങ്ങൾ വന്നതോടെ സോൺപൂരിൽനിന്നുള്ള വരവുകുറഞ്ഞു. ഉത്സവത്തിന് ആനയെഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കോവിഡും ആനവളർത്തലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ ഏഴോളം വളർത്താനകൾ ജില്ലയിൽ ചരിഞ്ഞിട്ടുണ്ട്. ജില്ലയിൽ മുപ്പതോളം വളർത്താനകളാണുള്ളത്. ജില്ലയിൽ ഇപ്പോൾ കൂടുതൽ വളർത്താനകളുള്ളത് മംഗാലംകുന്ന് ആനത്തറവാട്ടിലും ചെർപ്പുളശ്ശേരി എസ്.കെ. ബ്രദേഴ്‌സിനുമാണ്. രണ്ടിടത്തും ആറാനകൾവീതം.