മണ്ണാർക്കാട് : എം.ഇ.എസ്. കല്ലടി കോളേജ് പയ്യനെടം റോഡിൽ നവീകരണം പുനരാരംഭിച്ചു. ഒരാഴ്ചയ്ക്കകം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ഹൈക്കോടതി നിർദേശത്തെതുടർന്നാണിത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണമാരംഭിച്ച ഈ റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയായിരുന്നു. റോഡിലെ കുഴികളടയ്ക്കുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്.
രണ്ടുവർഷംമുമ്പ് 16.5 കോടിരൂപ ചെലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണമാരംഭിച്ചതാണ് ഈ റോഡ്. ഇതിന്റെ നിർമാണക്കരാർ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളേറെയായി. 2019 നവംബറിൽ കിഫ്ബി തന്നെയാണ് ഈ റോഡിന്റെ പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. റോഡുപണി പുനരാരംഭിക്കാത്തതിനെതിരേ വിവിധസംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഏറ്റവുമൊടുവിൽ പഞ്ചായത്തിലെ വികസന സ്ഥിരംസമിതി അധ്യക്ഷനായിരുന്ന മുസ്തഫ വറോടൻ ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ റോഡ് സഞ്ചാരയോഗ്യമാക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.