കുഴൽമന്ദം : കുഴൽമന്ദത്ത് മൂന്ന് ദിവസത്തിനിടെ രണ്ടിടങ്ങളിൽ മോഷണം. മൂന്ന് വീടുകളിൽ മോഷണശ്രമം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന അധ്യാപികയുടെ മാലയും പോസ്‌റ്റോഫീസിൽനിന്ന് 25,000 രൂപയുമാണ് കവർന്നത്. ഏറാംകോട് നൊച്ചുള്ളി അസീസിന്റെ ഭാര്യ ഫൗജാമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. ഭർത്താവ് പുലർച്ചെ ജോലിക്കായി പുറത്തു പോയതിനുപിന്നാലെയാണ് മോഷ്ടാവ് അകത്തുകയറി മാല പൊട്ടിച്ചത്. അഞ്ചര പവന്റെ മാല പിടിവലിക്കിടെ പൊട്ടി. ഒരു കഷണം ഫൗജാമ്മയ്ക്ക് കിട്ടി. ഒന്നേമുക്കാൽ പവനുമായി മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.
ഫൗജാമ്മയുടെ വീടിനു സമീപമുള്ള മൂന്ന് വീടുകളിലും മോഷണശ്രമം നടന്നു. ഞായറാഴ്ച രാത്രിയാണ് പോസ്‌റ്റോഫീസിൽ മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഴൽമന്ദം സി.ഐ. ഇ.പി. രാമദാസ്, വിരലടയാളവിദഗ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.