പാലക്കാട് : ഒടുവിൽ വടക്കന്തറ-മൂത്താന്തറ റോഡിൽ മനയ്‌ക്കത്തൊടി ഭാഗത്തെ മാലിന്യം നീക്കി. കാലങ്ങളായി ഇവിടെ മാലിന്യം തള്ളരുതെന്ന ബോർഡിനുതാഴെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥിതിയായിരുന്നു.
ഇൗ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും ശല്യത്താൽ ഇതുവഴിയുള്ള യാത്ര പ്രദേശവാസികൾക്ക് ദുരിതമായിരുന്നു. പാലക്കാട് നഗരസഭയുടെ 50-ാം വാർഡായ വടക്കന്തറയിൽ വടക്കന്തറ-മൂത്താന്തറ റോഡിലെ മാലിന്യമാണ് കഴിഞ്ഞദിവസം നീക്കംചെയ്തത്.
ഇവിടെ മാലിന്യംതള്ളുന്നവരിൽ ഭൂരിഭാഗവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരാണ്. ഇത്തരക്കാർ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിലെത്തി ഇവിടെ വലിച്ചെറിയുകയാണ് പതിവെന്നും സമീപവാസികൾ ആരോപിച്ചിരുന്നു.
ഇതോടെ പാലക്കാട് നഗരസഭ 50-ാം വാർഡ്, വടക്കന്തറയിലെ കൗൺസിലർ പി. ശിവകുമാർ ഇടപെട്ടാണ് നഗരസഭാ
ശുചീകരണത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ മാലിന്യം നീക്കിയത്.