പട്ടാമ്പി : നഗരത്തിലും പരിസര പഞ്ചായത്തുകളിലും അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ പട്ടാമ്പിക്കാരുടെ പ്രധാന ചർച്ച സ്വന്തമായി ഒരു അഗ്നിശമനസേനാ യൂണിറ്റ് എന്നുവരും എന്നതാണ്. വർഷങ്ങളായുള്ള ഈ ചോദ്യത്തിന് അവസാനമാവുകയാണ്. പട്ടാമ്പിനഗരത്തിൽ അഗ്നിശമനസേനാ യൂണിറ്റ് യാഥാർഥ്യമാവുകയാണ്.

26 മുതൽ യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചു.തസ്തികകളും വാഹനങ്ങളുമടക്കം ഇതിനായി ഒരുങ്ങിയിട്ടുണ്ട്. കെട്ടിടത്തിലെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിൽ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. മേലേ പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് ജങ്ഷനോട് ചേർന്ന താത്‌കാലിക വാടകക്കെട്ടിടത്തിലാണ് യൂണിറ്റിനുള്ള സൗകര്യമൊരുക്കുന്നത്. ഇവിടെ ഇതിനായുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഒന്നരപ്പതിറ്റാണ്ടായി അഗ്നിശമനസേനാ യൂണിറ്റ് സ്ഥാപിക്കാൻ ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും നീണ്ടുപോവുകയായിരുന്നു. നഗരത്തിൽതന്നെ ഇതിനായി സൗകര്യപ്രദമായ സ്ഥലം ലഭിക്കാതിരുന്നതാണ് വൈകിപ്പിച്ചത്. നഗരസഭയായും താലൂക്കായും പട്ടാമ്പി ഉയർന്നെങ്കിലും അഗ്നിശമനസേനാ യൂണിറ്റ് വരാൻ വൈകി. പുതിയ നഗരസഭാ ഭരണസമിതി വന്നശേഷം ആദ്യയോഗത്തിലെ പ്രധാന അജൻഡയായി അഗ്നിശമനസേനയെ ഉൾപ്പെടുത്തിയാണ് യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്തിയത്.

വലിയ താലൂക്കുപരിധി

പട്ടാമ്പി, തൃത്താല നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന താലൂക്കുപരിധിയിൽ അപകടമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ ഷൊർണൂർ, പെരിന്തൽമണ്ണ, പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുവേണം അഗ്നിശമന സേനയെത്താൻ. ഇവരെത്താൻ വൈകുമ്പോൾ ദുരന്തത്തിന്റെ തീവ്രതയും വർധിക്കും.

വെള്ളിയാങ്കല്ല് റെഗുലേറ്റർ വന്നതിനാൽ വേനലിലും പുഴയിൽ വെള്ളമുണ്ട്. ഇതിനാൽ, വെള്ളത്തിൽപ്പെട്ടുള്ള അപകടങ്ങളും പതിവാണ്. ഷൊർണൂരിൽനിന്നുള്ള യൂണിറ്റാണ് പട്ടാമ്പി മേഖലയിലേക്ക് കൂടുതലുമെത്തുന്നത്. അവിടെ ജീവനക്കാരുടെ കുറവും വലിയ പരിധിയും പ്രശ്നമാണ്.

ഒരേസമയം തീപ്പിടിത്തമോ മറ്റോ ഉണ്ടായാൽ സ്ഥലത്ത് എത്തിച്ചേരൽ വൈകിപ്പോവും. മുമ്പ് പട്ടാമ്പിയിലെ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഒഴിഞ്ഞയിടങ്ങളിൽ സ്ഥലം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊപ്പത്ത് വ്യവസായവകുപ്പിന്റെ സ്ഥലം നോക്കിയെങ്കിലും അതും യാഥാർഥ്യമായില്ല.