പാലക്കാട് : 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.) ഭാഗമായി മുഖ്യവേദിയായ പ്രിയ-പ്രിയദർശിനി-പ്രിയതമ കോംപ്ലക്‌സിൽ ‘മേള @25’ എന്ന പേരിൽ ഫോട്ടോപ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നുമുതൽ അഞ്ചുവരെയാണ് ചലച്ചിത്രമേള. ഒന്നുമുതൽ പ്രദർശനസ്റ്റാൾ ഉണ്ടാവും.

മേളയുടെ ചരിത്രം വ്യക്തമാക്കുന്ന ഫോട്ടോപ്രദർശനത്തിൽ ചലച്ചിത്രോത്സവത്തിന്റെ നാൾവഴികൾ ആലേഖനം ചെയ്യുന്ന അപൂർവചിത്രങ്ങളുടെ ശേഖരമാണ് ഒരുക്കുക.

1994-ൽ കോഴിക്കോടാണ് സംസ്ഥാനത്തെ ആദ്യ ഐ.എഫ്.എഫ്.കെ. നടന്നത്. ആദ്യവർഷങ്ങളിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ മേള പിന്നീട് തിരുവനന്തപുരത്ത് സ്ഥിരമാകുകയായിരുന്നു. കോവിഡ് സാഹചര്യത്തിലാണ് ഇത്തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി മേള നടക്കുന്നത്.

അക്കാദമിയുടെ ശേഖരത്തിലുള്ള ഫോട്ടോകൾ, പ്രതിനിധികളിൽനിന്ന് ശേഖരിച്ച ഫോട്ടോകൾ എന്നിവ പ്രദർശനത്തിലുണ്ട്. പ്രതിനിധികളിൽനിന്ന് ഫോട്ടോകൾ ശേഖരിക്കാനായി പ്രത്യേകമത്സരം നടത്തിയിരുന്നു.

ചലച്ചിത്രോത്സവങ്ങളുടെ ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ, ഓപ്പൺ ഫോറം, സംവിധായകരുമായുള്ള മുഖാമുഖം, അരവിന്ദൻ അനുസ്മരണപ്രഭാഷണങ്ങൾ, സ്മരണാഞ്ജലികൾ, സംവാദങ്ങൾ എന്നിവയുടെയും ചിത്രങ്ങളുണ്ടാവും. വിവിധ പ്രദർശനവേദികൾ, പ്രതിനിധികളുടെ ആഘോഷചിത്രങ്ങൾ, ദിനംപ്രതിയുള്ള ബുള്ളറ്റിനുകൾ, ആദ്യകാലത്ത് കൈ കൊണ്ടെഴുതി നൽകിയിരുന്ന ഡെലിഗേറ്റ് പാസുകൾ എന്നിവയും പൊതുജനങ്ങൾക്ക് കാണാനാകും.

സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമായ സജിത മഠത്തിലാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. ചിത്രങ്ങൾ തിരഞ്ഞെടുത്തത് ഫോട്ടോഗ്രാഫറായ എ.ജെ. ജോജിയാണ്. കോ-ഓർഡിനേറ്റർ പ്രോഗ്രാം അസിസ്റ്റന്റ് നിതിൻ ആർ. വിശ്വനാണ്. ഹൈലേഷാണ് പ്രദർശന സ്റ്റാളൊരുക്കുന്നത്.