കൊപ്പം: ഗതാഗതക്കുരുക്കിൽ അമർന്നും മഴപെയ്താൽ വെള്ളക്കെട്ടും കാൽനടയാത്രക്കാർക്ക് നടക്കാൻപോലും സൗകര്യമില്ലാത്ത കൊപ്പംടൗൺ പഴങ്കഥയാവുകയാണ്. വികസനംകാത്ത് നട്ടംതിരിഞ്ഞിരുന്ന കൊപ്പംടൗൺ ഇന്ന് പട്ടാമ്പിമണ്ഡലത്തിലെ മാതൃകാ ടൗണായി മാറാനൊരുങ്ങുകയാണ്. ടൗൺ നവീകരണത്തിന്റെ ആദ്യഘട്ട പ്രവൃത്തികൾ ഇവിടെ പുരോഗമിക്കയാണ്. സംസ്ഥാനസർക്കാർ രണ്ടുകോടി രൂപയാണ് ആദ്യഘട്ട പ്രവൃത്തികൾക്കായി അനുവദിച്ചത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച്, റോഡ് വീതികൂട്ടി, അഴുക്ക് ചാലും നടപ്പാതയും നിർമിച്ചുമുള്ള നവീകരണപ്രവൃത്തികൾ കൊപ്പം ടൗണിന്റെ മുഖച്ഛായതന്നെ മാറ്റിക്കഴിഞ്ഞു. രണ്ടാംഘട്ട പ്രവൃത്തികൾക്കായി രണ്ടുകോടി രൂപയുടെ പദ്ധതി രൂപരേഖ സർക്കാർ പരിഗണനക്കായി കാത്തിരിക്കയാണ്. ഇതുംകൂടി ലഭ്യമാകുന്നതോടെ മണ്ഡലത്തിലെതന്നെ മാതൃകാ ടൗണായി കൊപ്പം മാറും. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനംകൂടിയാണ് ഇതോടെ നിറവേൽക്കപ്പെടുന്നത്. പട്ടാമ്പി-പുലാമന്തോൾ, ചെർപ്പുളശ്ശേരി-വളാഞ്ചേരി, പട്ടാമ്പി-വളാഞ്ചേരി പാതകളിലെ പ്രധാന ടൗൺ കൂടിയാണ് കൊപ്പം. കൊപ്പം ടൗൺ മാതൃകയിൽ മണ്ഡലത്തിലെ മുഴുവൻ ടൗണുകളെയും മാറ്റുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. പറഞ്ഞു.