പട്ടാമ്പി: പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷം വികസനക്കുതിപ്പിനൊരുങ്ങുകയാണ് പട്ടാമ്പി നഗരസഭ. നഗരസഭയായി മാറിയശേഷം എൽ.ഡി.എഫിനാണ് രണ്ടാമത് ഭരണംലഭിച്ചത്. വീ ഫോർ പട്ടാമ്പി കൂട്ടായ്മയുമായി ചേർന്നാണ് ഭരണം എൽ.ഡി.എഫ്. പിടിച്ചെടുത്തത്. ഇതിനോടകം ശ്രദ്ധേയമായ പദ്ധതികൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനുള്ള പദ്ധതിയടക്കം ആസൂത്രണംചെയ്തിട്ടുണ്ട്. പുതിയ മുനിസിപ്പൽ ടവർ, റവന്യൂ ടവർ, ആധുനിക പാർക്കിങ് സംവിധാനം, പട്ടാമ്പി താലൂക്കാശുപത്രിയിൽ 15.5 കോടിയുടെ കെട്ടിടം, സമഗ്ര കുടിവെള്ളപദ്ധതി, കിഴായൂർ നമ്പ്രത്ത് പുതിയ തടയണ തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. റവന്യൂടവർ വരുന്നതോടെ ഒഴിയുന്ന പട്ടാമ്പി മിനി സിവിൽസ്റ്റേഷൻ കെട്ടിടം താലൂക്കാശുപത്രിയാക്കി മാറ്റും. സമ്പൂർണ പാർപ്പിടപദ്ധതിയിൽ 335 പേർക്ക് ആദ്യഗഡു തുക വിതരണംചെയ്തിട്ടുണ്ട്. സമ്പൂർണ കുടിവെള്ളപദ്ധതി യാഥാർഥ്യമാവുന്നതോടെ നാട്ടുകാരുടെ കാലങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമാവും. കുളങ്ങളും തോടുകളും സംരക്ഷിക്കുന്ന പ്രവൃത്തിയും നഗരസഭയുടെ വികസനപദ്ധതികളിലുൾപ്പെടുന്നുണ്ട്. യുവാക്കൾക്കായി കളിക്കളങ്ങൾ നിർമിക്കാൻ പദ്ധതി തയ്യാറായിട്ടുണ്ട്. ശങ്കരമംഗലത്തും മേലേ പട്ടാമ്പി ചെറുളിപ്പറമ്പിലും 50 ലക്ഷംരൂപ ചെലവിൽ ഗ്രൗണ്ടുകൾ നവീകരിക്കും. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിനും ഉടൻ അനുമതിയാവും.

മൾട്ടിലെവൽ പാർക്കിങ് പട്ടാമ്പിനഗരത്തിന്റെ വർഷങ്ങളായുള്ള പാർക്കിങ് പ്രശ്‌നത്തിന് പരിഹാരമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആധുനിക സൗകര്യമൊരുങ്ങുന്നത്. മൾട്ടിലെവൽ പാർക്കിങ് സിസ്റ്റമാണ് നഗരസഭയിൽ ഒരുങ്ങുന്നത്. നഗരസഭാ ഉടമസ്ഥതയിലുള്ള പഴയ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നിന്നിരുന്ന സ്ഥലത്താണ് 9.75 കോടി രൂപ ചെലവിൽ 65 കാറും 680 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുംതരത്തിൽ ആധുനികരീതിയിലുള്ള മൾട്ടിലെവൽ പാർക്കിങ് സിസ്റ്റം ഒരുങ്ങുന്നത്. 2020-21 ബജറ്റിലാണ് സംസ്ഥാനസർക്കാർ പട്ടാമ്പിയിൽ മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം പ്രഖ്യാപിച്ചത്. പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽവന്ന് പ്രഖ്യാപിച്ച ആദ്യത്തെ ബജറ്റിലും മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന് തുക വകയിരുത്തിയിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടൊപ്പം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ആളുകൾക്ക് ആവശ്യമെങ്കിൽ വാഹനങ്ങൾ വാട്ടർസർവീസ് ചെയ്യാനും ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുമുള്ള സൗകര്യവും പാർക്കിങ് കേന്ദ്രത്തിലുണ്ടാവും. സോളാർ സംവിധാനത്തോടുകൂടിയായിരിക്കും പദ്ധതി പ്രവർത്തിക്കുക.

ടൗൺ പാർക്ക് വരുന്നു പട്ടാമ്പിക്കാരുടെ ഒഴിവുനേരങ്ങൾക്ക് നിറംപകരാൻ പട്ടാമ്പി നഗരസഭയുടെ സ്വപ്നപദ്ധതിയായ ടൗൺപാർക്ക് ഒരുങ്ങുന്നു. വ്യപാര-വ്യവസായ-കാർഷിക കേന്ദ്രമെന്ന നിലയിൽ പട്ടാമ്പിക്ക് വലിയ പ്രധാന്യമുണ്ടെങ്കിലും വിനോദത്തിനോ വിശ്രമത്തിനോ ഒരു കേന്ദ്രമില്ല. നിലവിൽ പട്ടാമ്പിക്കാർക്ക് ഇടവേളകളും അവധിദിനങ്ങളും ചെലവഴിക്കാൻ തൃത്താല വെള്ളിയാങ്കല്ലിലോ പാലക്കാട് മലമ്പുഴയിലോ അല്ലെങ്കിൽ മറ്റു ജില്ലകളിലെ വിനോദകേന്ദ്രങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഭാരതപ്പുഴയുടെ തീരത്ത് ഇരിപ്പിടങ്ങളും വാക്ക്‌വേയും സൈക്കിൾ ട്രാക്കുമുൾപ്പെടുന്ന മനോഹരമായ പാർക്ക് നിർമിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുള്ളത്. നഗരവാസികൾക്ക് ഒരുമിച്ചിരിക്കാനും ഇടവേളകൾ ചെലവഴിക്കാനും കഴിയുന്ന പൈതൃക സംരക്ഷണ സാംസ്‌കാരിക കേന്ദ്രമായാണ് ടൗൺ പാർക്കിനെ നഗരസഭ രൂപകൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി പട്ടാമ്പി സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫീസിന് പിറകുവശംമുതൽ പട്ടാമ്പി ഗുരുവായൂർ ക്ഷേത്രത്തിന് പിറകുവശംവരെയുള്ള പുറമ്പോക്ക് ഭൂമി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി അതിർത്തി

നശ്ചയിച്ചുകഴിഞ്ഞു. അളന്ന് തിട്ടപ്പെടുത്തി അതിർത്തിനിശ്ചയിച്ച ഭൂമിയിൽ ബുധനാഴ്ച അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു.

നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കും പട്ടാമ്പിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ മേഖലകളിലായി ഒട്ടേറെ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. നഗരത്തിലെ കുരുക്കഴിക്കുകയും ഭാരതപ്പുഴയെ സംരക്ഷിക്കുകയും ചെയ്യുന്നതടക്കമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ടി.പി. ഷാജി (നഗരസഭാ ഉപാധ്യക്ഷൻ).