പട്ടാമ്പി: സർക്കാർ ഓഫീസുകളെല്ലാം ഒരുകുടക്കീഴിലാക്കുന്ന റവന്യൂടവർ പദ്ധതിയുടെ നടപടി പുരോഗമിക്കയാണ്. ഇതിനായുള്ള വിശദ പദ്ധതിരേഖ തയ്യാറാവുകയും ഭരണാനുമതി നേടുകയും ചെയ്തിട്ടുണ്ട്. ജൂലായ്‌ ഒമ്പതിന് ടവർ നിർമിക്കാനായി നഗരസഭ വിട്ടുനൽകുന്ന സ്ഥലം മന്ത്രി കെ. രാജൻ സന്ദർശിച്ചിരുന്നു. പട്ടാമ്പി-പെരിന്തൽമണ്ണ റോഡിനോടുചേർന്ന് നഗരസഭാ മത്സ്യച്ചന്തയ്‌ക്കരികിലുള്ള സ്ഥലമാണ് റവന്യൂ ടവർ നിർമാണത്തിന് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനബജറ്റിൽ ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. താലൂക്കാസ്ഥാനമായ പട്ടാമ്പിയിൽ സർക്കാർ ഓഫീസുകളെല്ലാം ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണിത്. വർഷങ്ങൾക്കുമുമ്പ് പദ്ധതിക്ക് രൂപംനൽകിയിരുന്നെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാതിരുന്നത് തടസ്സമായി. ഇപ്പോൾ നഗരസഭയുടെ സ്ഥലം വിട്ടുനൽകാൻ തീരുമാനമായതോടെയാണ് പദ്ധതി യാഥാർഥ്യമാകുന്നത്. നിലവിൽ സ്ഥല സൗകര്യമില്ലാത്തതിനാൽ താലൂക്കാസ്ഥാനമായിട്ടും പല ഓഫീസുകളും പട്ടാമ്പിയിൽ തുടങ്ങിയിട്ടില്ല. ആരംഭിച്ചവയിൽ പലതും മിനി സിവിൽസ്റ്റേഷന് പുറത്താണ്. ലോട്ടറി ഓഫീസ്, അളവുതൂക്ക ഓഫീസ് തുടങ്ങിയവയൊക്കെ മിനി സിവിൽസ്റ്റേഷന് പുറത്താണുള്ളത്. താലൂക്കിലേക്ക് വിവിധ സേവനങ്ങൾക്കായി എത്തുന്നവർക്ക് അലയേണ്ട

ഗതികേടാണുള്ളത്. വില്ലേജ് ഓഫീസും പുറത്താണുള്ളത്. റവന്യൂടവർ വരുന്നതോടെ ഇവയെല്ലാം ഒരു കെട്ടിടത്തിലേക്ക് മാറും. കൂടാതെ വ്യവസായവകുപ്പ് ഓഫീസ്, ലേബർ ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജലസേചനവിഭാഗം സബ് ഡിവിഷണൽ ഓഫീസ്, പി.ഡബ്ള്യു.ഡി. റോഡ് ഡിവിഷണൽ ഓഫീസ് തുടങ്ങിയവയും പട്ടാമ്പിയിൽ തുടങ്ങാനാവും.