പട്ടാമ്പി: 44,500-ലധികം ഉപഭോക്താക്കളുടെ നീണ്ട കാത്തിരിപ്പിനുശേഷമാണ് പട്ടാമ്പിയിൽ 110 കെ.വി. സബ് സ്റ്റേഷൻപണി പൂർത്തീകരിച്ച് ഉദ്ഘാടനംചെയ്തത്. ഏറെ കടമ്പകൾകടന്ന് കഴിഞ്ഞ സർക്കാരിന്റെ അവസാന സമയത്ത് പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നു. പുതിയ സർക്കാർ അധികാരമേറ്റ് നടപടി വേഗത്തിലാക്കുകയും പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 33,000 ഗാർഹിക ഉപഭോക്താക്കൾക്കും 4,000 കാർഷിക ഉപഭോക്താക്കൾക്കും 7,500 കച്ചവടക്കാർക്കും 500 വ്യവസായ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുന്ന സബ് സ്റ്റേഷന്റെ നിർമാണച്ചെലവ് 20.6 കോടി രൂപയാണ്. വൈദ്യുതി സബ് സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയതോടെ പട്ടാമ്പിനഗരസഭയിലെ 15,000-ത്തിലധികം ഉപഭോക്താക്കൾക്കാണ്‌ ഇവിടെനിന്ന്‌ വൈദ്യുതി നൽകുന്നത്. ഇനി ഇടയ്‌ക്കിടെ ലോഡുകൂടി വൈദ്യുതി നിലയ്‌ക്കുന്ന പതിവിനും അവസാനമാകും. മുമ്പ് വൈദ്യുതിയെത്തിച്ചിരുന്ന മരുതൂർ കൂമ്പൻകല്ല് 33 കെ.വി.സബ് സ്റ്റേഷനിലും അവിടേക്ക് വൈദ്യുതിയെത്തുന്ന കൊപ്പം 110 കെ.വി. സബ് സ്റ്റേഷനിലും അറ്റകുറ്റപ്പണി നടത്തുമ്പോൾ പട്ടാമ്പിയിൽ വൈദ്യുതി നിലയ്‌ക്കുന്ന സ്ഥിതിയായിരുന്നു. കൊപ്പത്തുനിന്ന് 254 ആമ്പിയർ വൈദ്യുതിയാണ് 12 കിലോമീറ്റർ അകലെയുള്ള മൂന്ന്‌ ട്രാൻസ്‌ഫോർമറുകളുള്ള കൂമ്പൻകല്ലിലെ സബ് സ്റ്റേഷനിൽ എത്തുന്നത്. തന്മൂലം ഒരു വ്യാവസായികാടിസ്ഥാത്തിലുള്ള കണക്ഷൻപോലും പട്ടാമ്പിയിൽ കൊടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതിനും ഇനി മാറ്റംവരികയാണ്. കൊപ്പത്തു നിന്ന് ഇവിടേക്ക് വൈദ്യുതിയെത്തുമ്പോഴുള്ള പ്രസരണനഷ്ടവും ഇല്ലാതാവും. മാത്രമല്ല, വൈദ്യുതി നിലയ്‌ക്കാത്ത നഗരമായി പട്ടാമ്പിയും പരിസരപഞ്ചായത്തുകളും മാറുകയും ചെയ്യും.