പാലക്കാട് : അനധികൃത പാൽസംഭരണം നടത്തുന്ന സംഘങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ ക്ഷീരവികസനവകുപ്പ് അന്വേഷണസംഘത്തെ നിയോഗിച്ചു.
അതിർത്തിയോട് ചേർന്നുള്ള പ്രാഥമിക ക്ഷീരസംഘങ്ങൾ അയൽസംസ്ഥാനത്ത് നിന്നുള്ള പാൽ സംഘങ്ങളിൽ സംഭരിച്ച് മിൽമയ്ക്ക് നൽകുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സംഭരണം അടിയന്തരമായി നിർത്തണമെന്നാവശ്യപ്പെട്ട് ക്ഷീരവികസനവകുപ്പ് സർക്കുലർ നൽകിയെങ്കിലും ഇപ്പോഴും സംഭരണം തുടരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ ബ്രിൻസി മാണിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെ അന്വേഷണം നടത്താൻ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ജയസുജീഷ് നിയോഗിച്ചത്.
ജില്ലയിലെ ചിറ്റൂർ, പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ ബ്ലോക്കുകളിലെ സംഘങ്ങളിലാണ് അയൽസംസ്ഥാനങ്ങളിൽനിന്ന് പാൽ കൊണ്ടുവന്ന് മിൽമയ്ക്ക് നൽകുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. വെണ്ടർമാർ മുഖേനയും നേരിട്ടുമാണ് പാൽ സംഭരിച്ച് സംഘത്തിലെ അംഗങ്ങളുടെ പേരിൽ സംഭരിച്ചതായി കാണിച്ച് മിൽമയ്ക്ക് നൽകുന്നത്. ഇങ്ങനെ പാൽ സംഭരിച്ച സംഘങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനായി അന്വേഷണംനടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പ്രതിഷേധം ഇന്ന്
പാലക്കാട് : മറുനാടൻ പാലിനെതിരേ ജില്ലയിലെ ക്ഷീരസംഘങ്ങളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധപരിപാടി നടക്കും. അയൽസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞവിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ പാൽ സംഭരിച്ച് സംസ്ഥാനത്ത് വിൽപ്പന നടത്തുന്നതുമൂലം മിൽമയുടെ പാൽവിൽപ്പനയിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത് മിൽമയുടെയും ക്ഷീര കർഷകരുടെയും നിലനിൽപ്പനെ ബാധിക്കുമെന്നതിനാലാണ് ക്ഷീരസംഘങ്ങളുടെ നേതൃത്വത്തിൽ മറുനാടൻ പാലുകൾക്കെതിരേ ബോധവത്‌കരണവും പ്രതിഷേധപരിപാടിയും നടത്തുന്നത്.
മലബാർമേഖലയിൽ പ്രതിദിന പാൽ സംഭരണം 7.50 ലക്ഷം ലിറ്ററായി ഉയർന്നു. എന്നാൽ പ്രതിദിന വിൽപ്പന 4.60 ലക്ഷം ലിറ്ററായി കുറയുകയും ചെയ്തു. ബാക്കിവരുന്ന പാൽ പൊടിയാക്കുന്നതുമൂലം സാമ്പത്തികനഷ്ടം ഉണ്ടാകുന്നതിനാൽ മേഖലാ യൂണിയൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മിൽമ പേരിനും പാൽക്കവറിനും സമാനമായരീതിയിൽ മറുനാടൻ പാലുകൾ വിൽപ്പന നടക്കുന്നതാണ് പാൽ വിൽപ്പനയിൽ ഇടിവുണ്ടാക്കുന്നത്. ജില്ലാതല പ്രതിഷേധപരിപാടി സ്റ്റേഡിയം ബസ്‌സ്റ്റാൻഡ് പരിസരത്ത് 10 മണിക്ക് മേഖലായൂണിയൻ ചെയർമാൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്യും.