അഗളി : അട്ടപ്പാടിയിൽ കാട്ടാനകൾ കാരണം ഈ വർഷം ജീവൻ നഷ്ടപ്പെട്ടത് അഞ്ചുപേർക്ക്. ഒരാൾക്ക് ഗുരതരമായി പരിക്കേറ്റു. ചെവ്വാഴ്ച ഷോളയൂർ ഗോഞ്ചിയൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് ജുങ്കനുൾപ്പെടെയാണ് കാട്ടാനകളുടെ അടിയും ചവിട്ടുമേറ്റ് മരിച്ചത്. ഇതിൽ അഗളി റേഞ്ചിൽപ്പെട്ട ഷോളയൂരാണ് കാട്ടാനകളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടത്. കുലുക്കൂരിലെ കുഞ്ഞുണ്ണി, വണ്ണാന്തറയിലെ ശെൽവരാജ്, ഷോളയൂർ ചാവടിയൂരിലെ കമല, തെക്കെ കടമ്പാറയിലെ മുരുകൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്ന് പേർക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം മാത്രമാണ് സർക്കാരിൽനിന്ന് കിട്ടിയത്.

300 ഹെക്ടർ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. അട്ടപ്പാടിയിൽ നാല് റേഞ്ചാണുള്ളത്. അഗളി, അട്ടപ്പാടി, സൈലന്റ് വാലി, ഭവാനി എന്നിവ.

കാട്ടാനയുടെ അടിയേറ്റോ, ചിവിട്ടേറ്റോ മരിക്കുന്നവർക്ക് വനം വകുപ്പ് നൽകുന്ന ധനസഹായം 10 ലക്ഷം രൂപയാണ്. ഇൻഷുറൻസ് ഒരുലക്ഷം രൂപയും. ഇതിൽ വനം വകുപ്പിന്റെ മുഴുവൻ ധനസഹായം കിട്ടിയത് 2018 ഒക്ടോബർ വരെയുള്ളവരുടെ മാത്രമാണ്. 2019-2020ൽ നാലുപേർ മരിച്ചതിൽ അഞ്ച് ലക്ഷം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. ഈ വർഷം മരിച്ചവർക്ക് ഇതുവരെയായി വനം വകുപ്പിന്റെ ധനസഹായമൊന്നും ലഭ്യമായിട്ടില്ല.

കൃഷി നാശത്തിന് ധാന്യങ്ങൾക്ക് 1,600 രൂപയും തെങ്ങിന് 750 രൂപയും വാഴയ്ക്ക് 110 രൂപയുമാണ് വനം വകുപ്പ് നൽകുന്നത്. കാട്ടാനകൾക്കായി വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജവേലികൾ മുഴുവൻ പ്രവർത്തിക്കാത്തതും, വാറ്റ് കേന്ദ്രങ്ങൾ തേടിയുള്ള യാത്രയുമാണ് കാട്ടാനകളെ ജനവാസ മേഖലയിലെത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ചക്കയും മാങ്ങയുമുള്ള മാസങ്ങളിൽ മാത്രമാണ് കാട്ടാനകൾ സ്ഥിരമായി എത്തുന്നതെന്നും, അട്ടപ്പാടിയിൽ ഇടവിട്ടാണ് വനമേഖല അതുകൊണ്ട് തന്നെ ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് കാട്ടാനകൾ പോകുന്നത് ജനവാസ മേഖലയിൽ കൂടിയാണെന്നും പ്രദേശിക തലത്തിൽ യുവാക്കളെ ഉൾപ്പെടുത്തി വനം വകുപ്പിലെ വാച്ചർമാരും ദ്രുതകർമസേനയും ചേർന്ന് പടക്കം ഉപയോഗിച്ച് കാട്ടാനകളെ ഉൾവനത്തിൽ കയറ്റിവിടുന്നതിനുള്ള ശ്രമം നടത്തുന്നതായും വനം വകുപ്പ് അധികൃതർ പറഞ്ഞു.ആദിവാസിയുവാവ് മരിച്ചത് കാട്ടാനയുടെ അടിയേറ്റ്