അഗളി : സൈലന്റ് വാലിക്കും പ്രകൃതിക്കും വേണ്ടി നിലകൊണ്ട കവയിത്രി സുഗതകുമാരിയുടെ ഓർമ്മകളിൽ മുഴുകി നിശ്ശബ്ദതാഴ്വരയിൽ ഒരു പകൽ.
സുഗതകുമാരിയുടെ കവിതകൾ ചൊല്ലിയും കവിതകൊണ്ട് സ്മരണാഞ്ജലിയൊരുക്കിയും അവർ സൈരന്ധ്രിയിൽ ഒത്തുകൂടി. കേരള സാഹിത്യ അക്കാദമിയും വനംവകുപ്പും ചേർന്നാണ് കവിതകളാൽ ഓർമ്മച്ചിത്രങ്ങളെഴുതിയ ചടങ്ങ് സംഘടിപ്പിച്ചത്. കവികളും പരിസ്ഥിതിപ്രവർത്തകരുമുൾപ്പെടെയുള്ളവരാണ് ശനിയാഴ്ച മുക്കാലിയിലെ വനം വകുപ്പിന്റെ അതിഥിമന്ദിരത്തിൽ ഒത്തുകൂടിയത്. സുഗതകുമാരിയുടെ ചിത്രം അനാച്ഛാദനം ചെയ്തു. പിന്നെ ഇരുപത്തിയഞ്ചോളം പേരടങ്ങുന്ന സംഘം സൈരന്ധ്രിയിലേക്ക് നീങ്ങി.
വനം വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ. കേശവൻ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് കവയിത്രി സുഗതകുമാരിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ സുഗതകുമാരിയെക്കുറിച്ചുള്ള വീഡിയോ പ്രകാശനം ചെയ്തു. കവിതാഫലകം അനാച്ഛാദനം ചെയ്തു. വനംവകുപ്പ് ചീഫ് കൺസർവേറ്റർ വിജയാനന്ദൻ, റിട്ട. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.എൻ. ഉണ്ണിക്കൃഷ്ണൻ, ചീഫ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കവി പി.എൻ. ഗോപീകൃഷ്ണൻ, കവയിത്രി വി.എം. ഗിരിജ, പരിസ്ഥിതിപ്രവർത്തകൻ നമഃശിവായൻ എന്നിവർ പ്രസംഗിച്ചു.
സൈലന്റ് വാലി ഓഫീസിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ‘ഉണർവ്’ ലൈബ്രറിയിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ. കേശവൻ ‘സുഗതകുമാരി ടീച്ചർ വായനാമൂല’ ഉദ്ഘാടനം ചെയ്തു. സൈരന്ധ്രിയിൽ ഡോ. കെ.പി. മോഹനൻ ഞാവൽത്തൈ നട്ടു. റഫീഖ് അഹമ്മദ്, ഒ.പി. സുരേഷ്, അഷ്ടമൂർത്തി, എൻ. രാജൻ, വിനോദ് വൈശാഖി, മാധവൻ പുറച്ചേരി, വീരാൻകുട്ടി, അൻവർ അലി തുടങ്ങിയവർ സംസാരിച്ചു. കവിതകൾ അവതരിപ്പിക്കുകയും ചെയ്തു.