കോയമ്പത്തൂർ : കൈകൾ അണുവിമുക്തമാക്കുന്ന സാനിെറ്റെസറിന്റെ വില്പന കോയമ്പത്തൂരിൽ വലിയതോതിൽ കുറഞ്ഞു. രോഗവ്യാപനം സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ കുറഞ്ഞതാണ് പ്രധാനകാരണം.
നവംബർമുതൽ ഹാൻഡ് സാനിറ്റേഴ്‌സിന്റെ വില്പന 70 ശതമാനം കുറഞ്ഞതായി നഗരത്തിലെ മിക്ക ഫാർമസി ഉടമകളും പറയുന്നു. ഇതിനുകാരണം നഗരവാസികൾ ആരോഗ്യസുരക്ഷകളിൽ അമാന്തം കാണിക്കുന്നതുകൊണ്ടാണെന്ന് ഫാർമസി ഉടമ പറയുന്നു. സാനിെറ്റെസറിന്റെ വില്പന കുറയുന്നത് ആരോഗ്യപ്രവർത്തകരിൽ ആശങ്ക വളർത്തുന്നു.
കഴിഞ്ഞവർഷം സാനിെറ്റെസറിന് വലിയ ഡിമാന്റായിരുന്നു. 50 മില്ലീലിറ്റർ സാനിെറ്റെസർ ബോട്ടിലിന് 25 രൂപയും 100 മില്ലീലിറ്ററിന് 50 രൂപയുമാണ് വില.
സ്പർശനംകൊണ്ട് വരാവുന്ന രോഗപ്പകർച്ച തടയാൻ സാനിെറ്റെസർകൊണ്ട് സാധിക്കും. ഹാൻഡ് സാനിെറ്റെസറും മാസ്‌ക് ധാരണവും കരുതൽ നടപടിയെന്നനിലയിൽ നിർബന്ധമായി പാലിച്ചാൽ രോഗവ്യാപനം തടയാൻ എളുപ്പമാണെന്ന് കോയമ്പത്തൂർ ജില്ലാ കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷൻ സെക്രട്ടറി തിരുനാവുക്കരശ് പറഞ്ഞു.
സർക്കാർ ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ പൊതുജനങ്ങൾ കരുതൽനടപടി എന്നനിലയിൽ തുടർന്നാൽ കോവിഡ് വ്യാപനം തടയാനാവുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. രമേശ് കുമാർ പറഞ്ഞു.