കടമ്പഴിപ്പുറം : പതിനെട്ടാം മൈലിലെ രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന എസ്.കെ. വ്യാപാരസമുച്ചയത്തിലെ ഏഴ് കടകളിൽ പൂട്ട് തകർത്ത് കവർച്ച. മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ്, ലാപ്‌കോ ഐ.ടി. കെയർ, നാഗാർജുന, സുധർമ്മ ദന്താശുപത്രി, സ്നേഹ ഫാൻസി, വേദിക ബ്യൂട്ടിപാർലർ, റബ്ബർ കട എന്നീ സ്ഥപനങ്ങളിലാണ് പൂട്ട് പെളിച്ച് കവർച്ച നടന്നത്. ദന്താശുപത്രിയിൽനിന്ന് 29000 രൂപയും സ്നേഹ ഫാൻസിയിൽനിന്ന് 5000 രൂപയും 5000 രൂപയുടെ സ്വർണം പൂശിയ ആഭരണങ്ങളും നാഗാർജ്ജുനയിൽനിന്ന് 4500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമകൾ പറയുന്നു.
മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിനകത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറയുടെ വിവരങ്ങൾ അടങ്ങിയ ഡി.വി.ആർ. യൂണിറ്റും ഹാർഡ് ഡിസ്‌കും അടക്കം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സമുച്ചയത്തിന് പിറകിലെ ഒഴിഞ്ഞ മൈതാനത്തിലൂടെ വന്ന മോഷ്ടാവ് കടമുറികളുടെ പൂട്ടുകൾ പൊളിച്ചാണ് അകത്ത് കടന്നിട്ടുള്ളതെന്നാണ് സംശയിക്കുന്നത്. മുൻവശത്തുള്ള ഗേറ്റും മുൻവശത്തെ ഷട്ടറുകളുടെ പൂട്ടുകളും പൊളിച്ചിട്ടില്ല. മൈതാനത്ത് പൊളിച്ച പൂട്ടുകൾ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
കഴിഞ്ഞദിവസം കടമ്പഴിപ്പുറം രജിസ്ട്രാർ ഓഫീസിന് സമീപത്ത് ബൈക്ക് മോഷണം പോയിരുന്നു. ഇതോടെ പ്രദേശത്തെ വ്യാപാരികൾ മോഷ്ടാക്കളുടെ ഭീഷണിയിലാണ്.
രാത്രികാലപരിശോധനകൾ ശക്തമാക്കണമെന്നും മോഷണം തടയാനുള്ള നടപടികൾ പോലീസ് കൈക്കൊള്ളണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എം. ബിനീഷിന്റെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.