കൊഴിഞ്ഞാമ്പാറ : നിരവധി കേസുകളിൽ ഉൾപ്പെട്ടയാൾ 20 വർഷങ്ങൾക്കുശേഷം പിടിയിലായി. വണ്ണാമട സ്വദേശി ആനന്ദാണ്‌ (സുരേഷ്-42) പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ ഈറോഡ് രഗുപതിനായ്ക്കൻപാളയത്തുള്ള തെങ്ങിൻതോപ്പിൽ ഒളിവിൽ കഴിയവെയാണ് വ്യാഴാഴ്ച കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ആനന്ദിനെ റിമാൻഡ് ചെയ്തു.

2001-ലാണ് കേസിനാസ്പദമായ സംഭവം. ആനന്ദിന്റെ പേരിൽ അടിപിടി, വാഹനം തടഞ്ഞുവെച്ച് കവർച്ച, ചായക്കട തല്ലിപ്പൊളിക്കൽ തുടങ്ങി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

സി.ഐ. എം. ശശിധരന്റെ നേതൃത്വത്തിൽ എ.എസ്.ഐ. വി. ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ. വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ സി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.