കോയമ്പത്തൂർ : മകളുടെ പ്രസവശുശ്രൂഷയ്ക്കെത്തി പേരക്കുട്ടിയെ മർദിച്ചുകൊന്ന കേസിൽ അമ്മൂമ്മയെ പോലീസ് തിരയുന്നു. കോയമ്പത്തൂർ കൗണ്ടംപാളയം നാഗപ്പാ കോളനിയിലെ ഐശ്വര്യ- ഭാസ്കരൻ ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളിൽ മകനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരട്ടകളിൽ പെൺകുട്ടിയെ മർദനമേറ്റ നിലയിലും കണ്ടെത്തി.

സംഭവത്തിൽ ഐശ്വര്യയുടെ അമ്മ മധുര സ്വദേശി ശാന്തി (45)യെയാണ് പോലീസ് തിരയുന്നത്. മകളുടെ പ്രസവശുശ്രൂഷയ്ക്കായി മൂന്നുമാസം മുമ്പേ എത്തിയതായിരുന്നു ശാന്തി. ഇരട്ടക്കുട്ടികളെ പ്രസവിച്ചതിൽ ആൺകുട്ടിക്ക് ആര്യനെന്നും പെൺകുട്ടിക്ക് ആരികശ്രീ എന്നും പേരിട്ടു വളർത്തിയത് അമ്മൂമ്മ തന്നെയായിരുന്നു. ഭാസ്കരൻ ജോലിക്ക് പോയതോടെ ഐശ്വര്യ കുട്ടികളെ അമ്മയെ ഏൽപ്പിച്ച് തന്റെ സഹോദരനുമൊന്നിച്ച് മരുന്നുവാങ്ങാനായി പുറത്തേക്ക് പോയി. തിരിച്ചെത്തി വിളിച്ചെങ്കിലും ആദ്യം വാതിൽ തുറന്നില്ല. പിന്നീട് വാതിൽ തുറന്ന് ശാന്തി വീടിന് പുറത്തിറങ്ങി.

പെൺകുട്ടി ഉച്ചത്തിൽ കരയുന്നതുകേട്ട് ഐശ്വര്യ പരിശോധിക്കുന്നതിനിടെ ആൺകുട്ടി ചലനമറ്റ് കിടക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൺകുട്ടി മരിച്ചിരുന്നു. ശരീരത്തെമ്പാടും മർദനമേറ്റ പാടുകളും ഇരു കുട്ടികളിലും കണ്ടെത്തി. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ വീടുവിട്ടിറങ്ങിയ ശാന്തിയെ കാണാതായതായും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും തുടിയല്ലൂർ ഇൻസ്പെക്ടർ ജ്ഞാന ശേഖരൻ അറിയിച്ചു. ശാന്തിയുടെ ഭർത്താവ് മധുര മധുച്ചിയം പോലീസ് സ്റ്റേഷനിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടറാണ്. ശാന്തി 15 വർഷമായി മാനസിക അസ്വസ്ഥതയ്ക്ക് ചികിത്സയിൽ കഴിയുകയാണ് എന്നാണ് വിവരം.