കോയമ്പത്തൂർ : സമ്പൂർണ ലോക്ക് ഡൗൺ കാരണം ഒരുമാസത്തോളമായി അടച്ചിട്ട കോയമ്പത്തൂരിലേക്ക് അയൽജില്ലകൾക്കു പുറമേ കേരളത്തിൽനിന്നും മദ്യം എത്തുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കോവിഡ് രേഖപ്പെടുത്തുന്ന 11 ജില്ലകളിൽ മിക്കവയും കോയമ്പത്തൂരിനോട് ചേർന്നവയാണ്. ഈ ജില്ലകൾ ഒഴിച്ചുള്ള തമിഴ്നാട്ടിലെ മറ്റുള്ള 27 ജില്ലകളിലും നിയന്ത്രണങ്ങളോടെ മദ്യവില്പനയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ഈ അനുമതി മറയാക്കി കോയമ്പത്തൂരിന്റെ അയൽജില്ലയായ ദിണ്ടിക്കല്ലിൽനിന്ന്‌ മറ്റും മദ്യം കടത്തുന്നതിനിടെയാണ് ഇപ്പോൾ വാളയാർ വഴിയും മദ്യക്കടത്ത് കൂടിയത്. ദിവസേന ജോലിക്ക് പോയിവരുന്നവരും പാസുള്ളവരുമായ ചിലരാണ് ഇരുചക്രവാഹനങ്ങളിൽ ഒന്നോ രണ്ടോ മദ്യക്കുപ്പികൾ കടത്തുന്നത്. കൈവശം വെക്കാവുന്ന മദ്യക്കുപ്പികൾ രണ്ടു ബോട്ടിലുകൾ പിടിച്ചാലും വലിയ പിഴയില്ലാതെ രക്ഷപ്പെടാമെന്നതും കടത്താൻ പ്രേരണയാകുന്നുണ്ട്. തമിഴ്നാട്ടിലെ മദ്യത്തേക്കാൾ കേരളത്തിലെ മദ്യത്തിനാണ് ആവശ്യക്കാർ കൂടുതൽ. സ്വന്തം നിലയ്ക്കും മറ്റുള്ളവർക്കുവേണ്ടിയും നടത്തുന്ന കുപ്പിക്കടത്ത് ഇടയ്ക്ക് നടത്തുന്ന വാഹനപരിശോധനയിലാണ് കുടുങ്ങുന്നത്.

ഇത്തരത്തിൽ ഭക്ഷണസാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ചും മറ്റും കടത്തുന്ന മദ്യക്കുപ്പികൾ കണ്ടെടുക്കുമ്പോൾ തങ്ങൾ വരി നിന്ന് കൊണ്ടുവരുന്നതിന്റെ കഷ്ടപ്പാടുകൾ പോലീസിനോട് പറയുന്നവരുമുണ്ട്.