അഗളി : അട്ടപ്പാടി ഷോളയൂർ ഗോഞ്ചിയൂരിൽ കാട്ടാന ഓടിച്ച ആദിവാസിയുവാവിനെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിനുസമീപത്തെ വീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓടപ്പെട്ടി സ്വദേശി ജുങ്കനെയാണ് (45) മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് വാരിയെല്ലുഭാഗത്ത് ചതവും ഇടതുചെവിക്കുപിറകിൽ ചെറിയ മുറിവും കണ്ടെത്തിയിട്ടുണ്ട്.

ഗോഞ്ചിയൂരിൽ സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടത്തിലെ ജീവനക്കാരനാണ് ജുങ്കൻ. ജുങ്കനും മറ്റൊരു തൊഴിലാളി സുഹൃത്തായ സതീഷും ഇവരെ തോട്ടത്തിലേക്ക് പണിക്കെത്തിച്ച ഓടപ്പെട്ടി സ്വദേശി ജിജുവും ഒരുമിച്ചാണ് താമസം. തിങ്കളാഴ്ചരാത്രി ജുങ്കനും സതീഷും വാഴത്തോട്ടത്തിലേക്ക് പോയിരുന്നു. ഇവിടെവെച്ച് കാട്ടാന ഓടിക്കുകയായിരുന്നു.

കാട്ടാന ഓടിച്ചതിനെത്തുടർന്ന് ഇരുവരും രണ്ടുദിശകളിലേക്കാണ് ഓടിയത്. സതീഷ് ആനയെ പേടിച്ച് മരത്തിൽ കയറി ഇരുന്നു. ആനകൾ പോയതിനുശേഷം ജുങ്കനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സതീഷ് മൊഴിനൽകിയതായി പോലീസ് പറഞ്ഞു. ആന പോയശേഷം മരത്തിൽനിന്നിറങ്ങിയ സതീഷ് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ തങ്ങുകയായിരുന്നു.

തുടർന്ന്, ചൊവ്വാഴ്ച രാവിലെ ജിജു സതീഷിനെ വിളിച്ച്, വീടിന്റെ അടുക്കളയിൽ ജുങ്കനെ മരിച്ചനിലയിൽ കണ്ടെത്തിയതായി അറിയിച്ചു. തുടർന്ന്, ഷോളയൂർ പോലിസിനെ വിവരമറിയിച്ചു.

പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. കൃഷിസ്ഥലത്ത് കാട്ടാനകൾ എത്തിയതിന്റെ ലക്ഷണങ്ങളുള്ളതായി പോലീസ് പറഞ്ഞു. തെളിഞ്ഞുകിടക്കുന്ന ടോർച്ചും തോർത്തും ഒരു എയർ ഗണ്ണും സ്ഥലത്തുനിന്ന്‌ കണ്ടെടുത്തു.

എസ്.ഐ. അബ്ദുൾ ഖയ്യും, മറ്റ് ഉദ്യോഗസ്ഥരായ അനിൽകുമാർ, രമേശ്, അർജുൻ മോഹൻ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂത്തിയാക്കി മൃതദേഹം പോസ്റ്റമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഷീബയാണ് ജുങ്കന്റെ ഭാര്യ. മക്കൾ: അനിത, അനു, ആര്യ. ഇടത് വാരിയെല്ലുഭാഗത്ത് ചതവ്