കോയമ്പത്തൂർ : തീവണ്ടി വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് ആർ.പി.എഫ്. അധികൃതർ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് തേനി സ്വദേശികളായ ചെല്ലദുരൈ (51), കതിരേശൻ (35) എന്നിവരെ പ്രത്യേക സ്ക്വാഡ് പിടികൂടിയ ശേഷം നർക്കോട്ടിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി.

കോയമ്പത്തൂർ വഴി തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലാണ് 22 കിലോ വീതമുള്ള രണ്ട് കെട്ടുകൾ കണ്ടെത്തിയത്.

ഏതാണ്ട് 4,40,000 രൂപ വിലവരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി കൈമാറാനായിരുന്നു നീക്കം. ഇവരിൽ നിന്നും തൃശ്ശൂർ വരെയുള്ള തീവണ്ടി ടിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്.