പാലക്കാട് : സ്റ്റേഡിയം ബൈപ്പാസിൽ ഭക്ഷണശാലകൾക്ക് തീപിടിച്ച സംഭവത്തെത്തുടർന്ന് അഗ്നിരക്ഷാസേന പരിശോധന ഊർജിതമാക്കി. രണ്ടുദിവസത്തിനുള്ളിൽ ജില്ലയിലെ ഏഴ് അഗ്നിരക്ഷാനിലയങ്ങൾക്കുകീഴിലായി 38 ഹോട്ടലുകളിൽ പരിശോധന നടത്തി.
25സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സംവിധാനമില്ലെന്ന് കണ്ടെത്തി. 17 ഇടങ്ങളിൽ ഫയർ എക്സിറ്റുകളില്ലെന്നും കണ്ടെത്തി. അപാകം പരിഹരിക്കാനാവശ്യപ്പെട്ട് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്കർ പറഞ്ഞു. കളക്ടർക്കും ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിനും റിപ്പോർട്ട് നൽകി. കഴിഞ്ഞദിവസമാണ് സ്റ്റേഡിയം ബൈപ്പാസിലെ രണ്ട് ഭക്ഷണശാലകൾ പൂർണമായും കത്തിയെരിഞ്ഞത്. ഇവിടങ്ങളിൽ പല സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു.
തുടർന്നാണ് ബഹുനിലക്കെട്ടിടങ്ങളും എ.സി. റസ്റ്റോറൻറുകളിലും പ്രത്യേക പരിശോധന നടത്തിയത്.