തച്ചമ്പാറ : മൂന്ന് പതിറ്റാണ്ടിലേറെക്കാലം തച്ചമ്പാറയിൽ രുചിയുടെ മേളം തീർത്തിരുന്ന ബാലേട്ടൻ ഇനി ഒാർമ. പുന്നക്കല്ലടി ബാലൻ എന്ന ബാലേട്ടനാണ് തിങ്കളാഴ്ച വിടവാങ്ങിയത്.
തച്ചമ്പാറ ദേശബന്ധു സ്കൂളിന് മുമ്പിലെ ബാലേട്ടന്റെ ചായക്കട എല്ലാവരുടെയും വയറും മനസ്സും നിറയ്ക്കുന്നതായിരുന്നു. ഇവിടത്തെ ഓരോ വിഭവത്തിനും ആവശ്യക്കാർ ഏറെയാണ്. കൃത്രിമനിറങ്ങളോ രുചിക്കൂട്ടുകളോ ഉപയോഗിക്കാതെയാണ് ഓരോ വിഭവവും ഉണ്ടാക്കിയിരുന്നത്.
ഇവിടെ ഉണ്ടാക്കുന്ന ഉഴുന്നുവട പ്രസിദ്ധമായിരുന്നു. ദേശീയപാതയിലുള്ള പുലർച്ചെ തുറക്കുന്ന ബാലേട്ടന്റെ കടയിൽനിന്ന് ദോശയും ചട്ണിയും ഇഡ്‌ഡലിയും ചമ്മന്തിയും ഒപ്പം ഉഴുന്നുവടയും കഴിക്കാൻ എത്തുന്നവർ നിരവധിയാണ്.
സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ജങ്ഷനിലെ ഓട്ടോ-ടാക്സി ജീവനക്കാരും വ്യാപാരികളും ഇവിടെ സ്ഥിര ഉപഭോക്താക്കളായിരുന്നു.
കുറഞ്ഞവില എന്ന് മാത്രമല്ല, പണമില്ലെങ്കിലും ആളുകളെ വിശപ്പുമാറ്റിയാണ് ബാലേട്ടൻ വിട്ടിരുന്നത്. ബാലേട്ടനും ഭാര്യ ശാന്തയും ചേർന്നാണ് കട നടത്തിയിരുന്നത്. മൂന്നാഴ്ചമുമ്പ് കുഴഞ്ഞുവീഴുന്നതുവരെ സജീവമായിരുന്നു ബാലേട്ടന്റെ ചായക്കട.