ചാലിശ്ശേരി : കല്ലുപുറം കുളത്താണിത്താഴം പാടശേഖരത്തിൽ കൊയ്ത്തെടുത്ത നെല്ല് 12 ദിവസവമായി പാടത്ത് കിടക്കുന്നു. നെല്ലുസംഭരണം വൈകുന്നതിനാൽ കർഷകർ പ്രതിസന്ധിയിലായിരിക്കയാണ്. പാടത്ത് നെല്ല് സൂക്ഷിക്കുന്നതിനായി കർഷകർക്ക് ഇരട്ടി ചെലവാണ് വരുന്നത്.
നാലുമാസങ്ങൾക്കുമുമ്പാണ് പാടശേഖരസമിതി 3.6 ഏക്കറിൽ രണ്ടാംവിള ഉമ വിത്ത് കൃഷിചെയ്തത്. ഫെബ്രുവരി 11-നാണ് നെല്ല് കൊയ്തെടുത്തത്. സാധാരണ മൂന്നുദിവസത്തിനകം നെല്ല് കൊണ്ടുപോകാറാണ് പതിവ്. ഇത്തവണ 12 ദിവസം കഴിഞ്ഞിട്ടും നെല്ല് എടുക്കുന്നതിന് നടപടിയായിട്ടില്ല. ഏഴുവർഷമായി തുടർച്ചയായി ഇവിടെ കൃഷിചെയ്യുന്ന കർഷകർ ബുദ്ധിമുട്ടിലാണ്.
വായ്പയെടുത്തും മറ്റുമാണ് കൃഷിചെയ്യുന്നത്. നെല്ല് കൊണ്ടുപോയി തുക കിട്ടിയശേഷമാണ് കർഷകന് കടങ്ങൾ തീർക്കാനാവുക. രണ്ടുദിവസമായി പെയ്യുന്ന മഴയുടെ ഭീതിയിലാണ് കർഷകർ പറയുന്നത്. വലിയ ടാർപോളിൻ വാടകയ്ക്കെടുത്താണ് നെല്ല് പാടത്ത് സൂക്ഷിച്ചിരിക്കുന്നത്.
വീടുകളിലേക്ക് വാഹനങ്ങൾ എത്താൻ കഴിയാത്തതും നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതുമാണ് പാടത്ത് നെല്ല് സൂക്ഷിക്കാൻ കാരണമാകുന്നത്. കഴിഞ്ഞ 10 ദിവസമായി എല്ലാ ദിവസവും നെല്ല് ഉണക്കി പാകപ്പെടുത്തിയതായി വെക്കുകയാണെന്നാണ് കൃഷിക്കാർ പറയുന്നത്. നിലവിൽ തൃത്താല മേഖലയിലാണ് നെല്ലുസംഭരണമെന്നും ചാലിശ്ശേരി പഞ്ചായത്തിലെ നെല്ലുസംഭരണം തുടങ്ങിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.