വടക്കഞ്ചേരി : മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കുഴിച്ച ചാലിൽ കെ.എസ്.ആർ.ടി.സി. ബസ് കുടുങ്ങി. വടക്കഞ്ചേരി ടി.ബി.-റോയൽ ജങ്ഷൻ റോഡിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. തൃശ്ശൂർക്ക് പോവുകയായിരുന്ന ബസ് റോഡിന്റെ വീതികുറഞ്ഞ ഭാഗത്തെത്തിയപ്പോൾ ചാലിൽ കുടുങ്ങുകയായിരുന്നു. ചക്രങ്ങൾ പൂർണമായും ചാലിലേക്കിറങ്ങാതിരുന്നതിനാൽ അപകടമൊഴിവായി.
നാട്ടുകാർചേർന്ന് ബസ് തള്ളിക്കയറ്റി. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാഹനത്തിരക്കേറിയ റോഡിൽ യാതൊരു സുരക്ഷാമുന്നറിയിപ്പുമില്ലാതെയാണ് പൈപ്പിടൽ നടത്തുന്നതെന്ന് പരാതിയുണ്ട്. പൊടിയും ചെളിയുമായി വഴി നടക്കാനാവാത്ത സ്ഥിതിയുമുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അപകടമൊഴിവാക്കണമെന്നാണ് ആവശ്യം.