ആനക്കര : വേനലെത്തുമ്പോഴേക്കും കിണറുകൾ വറ്റിവരളും, പിന്നെ മേലേഴിയം നെല്ലിക്കുന്ന് കോളനിയിലെ കുടുംബങ്ങൾക്ക് ഏക ആശ്രയം പരത്തെക്കാട്ട് ക്വാറിയാണ്. എന്നാൽ, ഇത്തവണ അതും നേരത്തേ വറ്റി... ഇതോടെ വെള്ളത്തിനായി കിലോമീറ്ററോളം പോകേണ്ട ഗതികേടിലാണ് ഇവിടത്തെ 50 കുടുംബങ്ങൾ... രൂക്ഷമായ ജലക്ഷാമം നേരിടാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടിട്ടും മേഖലയിലെ കുടുംബങ്ങളുടെ പ്രശ്‌നത്തിന് പരിഹാരംകാണാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.
കുടിവെള്ളപദ്ധതി നിലച്ചിട്ട് രണ്ട് വർഷം
പുഴയെ ഉപയോഗപ്പെടുത്തിയ ജില്ലാപഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി പൈപ്പുകൾ ഇതുവഴിയുണ്ട്. എന്നാൽ, രണ്ടുവർഷമായി പൈപ്പുകൾ തുറന്നാൽ വെള്ളംവരില്ല, പകരം വായുശബ്ദം മാത്രമാണ് കേൾക്കുക.
പുഴയിൽസ്ഥാപിച്ച കിണറിൽനിന്നാണ് കുടിവെള്ളം പദ്ധതിയുടെ ജലസംഭരണിയിലേക്ക് പമ്പ് ചെയ്തിരുന്നത്. എന്നാൽ, രണ്ടുവർഷംമുമ്പത്തെ പ്രളയത്തിൽ പുഴയിലെ കിണർ തകർന്നതോടെ കുടിവെള്ളവിതരണവും നിലച്ചു. തകർന്ന കിണർ നന്നാക്കാനോ അറ്റകുറ്റപ്പണി നടത്താനോ വേണ്ടസമയത്ത് ശ്രദ്ധിക്കാത്തതിനാലാണ് കുടിവെള്ളപദ്ധതി അവതാളത്തിലായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കിണറുകളും ക്വാറിയും വറ്റി മേലേഴിയം നെല്ലിക്കുന്നിൽ ജലക്ഷാമം കുടിവെള്ളം എത്തിക്കുന്നത് തലച്ചുമടായും വാഹനങ്ങളിലും
ആനക്കരപഞ്ചായത്തിലെ 14 വാർഡിലെ ഉയർന്ന പ്രദേശമായ ഇവിടെ വേനൽക്കാലത്ത് കിണറുകൾ നേരത്തേ വറ്റും. ഒരു പൊതുകിണർ ഉണ്ടെങ്കിലും വേനലായാൽ വെള്ളമില്ല. കുടിവെള്ളം കുടങ്ങളിലാക്കി തലച്ചുമടായും ഓട്ടോകളിലും മറ്റ് ചെറുവാഹനങ്ങളിലുമാണ് കുടുംബങ്ങൾ ദുരേനിന്നും വീടുകളലേക്ക് എത്തിക്കുന്നത്. കുളിക്കാനും അലക്കാനും മൂന്ന് കിലോമീറ്റർ അകലെയുള്ള പുഴയിൽപ്പോകണം. ഇതും നെല്ലിക്കുന്ന് നിവാസികളുടെ ദുരിതം ഇരട്ടിയാക്കുന്നു. മുൻപ് പഞ്ചായത്ത് വെള്ളം വിതരണംചെയ്തിരുന്നെങ്കിലും ഇപ്പോഴില്ല. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഇവർക്ക് സ്വന്തമായി കിണർനിർമിക്കാനോ കുടിവെള്ളം വിലയ്ക്ക് വാങ്ങാനോ കഴിയില്ല.
രണ്ടുദിവസത്തിനുള്ളിൽ ജലവിതരണം പുനരാരംഭിക്കും
നെല്ലിക്കുന്ന് : നിലച്ചുപോയ നെല്ലിക്കുന്ന് ജലവിതരണപദ്ധതിയുടെ ജലവിതരണം രണ്ടുദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കും. പുഴയിലെ കിണർനിർമാണം, പമ്പ് ഹൗസിന്റെയും പൈപ്പിന്റെയും അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ളവ പൂർത്തീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ചെലവിലാണ് കിണർനിർമാണം നടത്തിയത്. അടുത്ത ദിവസങ്ങളിൽ നെല്ലിക്കുന്നിലെ ജലസംഭരണിയിലേക്ക് പമ്പിങ് ആരംഭിക്കുമെന്ന് ആനക്കര ഗ്രാമപ്പഞ്ചായത്തംഗം പി.കെ. ബാലചന്ദ്രൻ പറഞ്ഞു.