കൊടുവായൂർ : കൈലാസ് നഗർ വാര്യത്തുകളത്തിൽ നിർത്തിയിട്ട ലോറിയിൽ ക്ലീനറെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊടുവായൂർ ചരണാത്തുകളം വളത്തുകാട് കൃഷ്ണന്റെയും ദേവുവിന്റെയും മകൻ കുമാരനാണ്‌ (38) മരിച്ചത്. ഒരു മാസമായി കുമാരൻ ഈ ലോറിയിൽ ക്ലീനറായി ജോലി നോക്കിവരികയായിരുന്നു.

വാര്യത്തുകളത്തിലെ പാതയോരത്ത് നിർത്തിയിടാറുള്ള ലോറിയുടെ ക്യാബിനിൽനിന്ന്‌ ചൊവ്വാഴ്ച രാത്രി ഒൻപതോടെ തീയും പുകയും ഉയർന്നു. അഗ്നിരക്ഷാസേനയെ വിളിച്ചതിനൊപ്പം നാട്ടുകാർ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. തീയും പുകയും ശമിച്ചശേഷം ഡ്രൈവർസീറ്റിൽ ഒരാൾ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ട നാട്ടുകാർ പുതുനഗരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സി.ഐ. എ. ആദംഖാന്റെ നേതൃത്വത്തിലെത്തിയ പോലീസിന് മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ലോറിയുടമയെ വിളിച്ചുവരുത്തിയെങ്കിലും ഫലമുണ്ടായില്ല. ഡ്രൈവർ സതീഷ് കുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും വിഫലമായി. ബുധനാഴ്ച രാവിലെ സതീഷ് കുമാർ സ്ഥലത്തെത്തി വസ്ത്രാവശിഷ്ടങ്ങൾ കണ്ട്, മരിച്ചത് കുമാരനാണെന്ന് തിരിച്ചറിയുകയായിരുന്നു.

താൻ വടക്കഞ്ചേരിയിൽ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നുവെന്ന് സതീഷ് കുമാർ പറഞ്ഞു. വർക്ക്ഷോപ്പിലെ പണി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ നിർത്തിയിട്ട ലോറിയുടെ ക്യാബിൻ പൂട്ടിയാണ് ഡ്രൈവർ പോയത്. ക്യാബിനിൽ പാചകവാതക സിലിൻഡർ ഉണ്ടായിരുന്നതിനാൽ വായുസഞ്ചാരത്തിന് ക്ലീനർ ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ് അൽപ്പം താഴ്ത്തിവെച്ചിരുന്നു. ഇതുവഴി അകത്തുകടന്ന് കുമാരൻ പാചകം ചെയ്യാൻ ശ്രമിച്ചതായാണ് കരുതുന്നത്. ക്യാബിനിലെ സ്റ്റൗവിനുമുകളിൽ പാത്രം വെച്ചിട്ടുണ്ട്. ഈ സമയത്ത് അടുപ്പിൽനിന്ന്‌ തീ പടർന്നതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമികവിലയിരുത്തൽ.

ഓയിൽ കലർന്നതിനാൽ ഉപയോഗിക്കാനാവാത്ത നിലയിലുള്ള അഞ്ചു ലിറ്ററോളം ഡീസൽ ക്യാബിനിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ സീറ്റിലെ റെക്സിനും മറ്റും കത്തി വലിയ തോതിൽ പുകയുയർന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, പൊട്ടിത്തെറിശബ്ദമുണ്ടായിട്ടില്ല.

കൊഴിഞ്ഞാമ്പാറയിൽനിന്ന്‌ സോപ്പുപൊടിയും കഞ്ചിക്കോട്ടുനിന്നു ശീതളപാനീയങ്ങളും പതിവായി എറണാകുളത്തേക്ക്‌ കൊണ്ടുപോകുന്ന ലോറിയായിരുന്നു ഇത്. പോലീസ് ശ്വാനസേനയിലെ പാറു സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. കുമാരൻ അവിവാഹിതനാണ്. സഹോദരങ്ങൾ: മാണിക്യൻ, പരമേശ്വരൻ, ശരവണൻ, രാധാകുമാരി, ഗീതാകുമാരി, രാജി.