പുതുക്കോട് : റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നടന്ന പ്രാഥമികപരിശോധനയിൽ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. പുതുക്കോട് അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മലാണ് (21) മരിച്ചത്. വീടിനു രണ്ട് മീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ റബ്ബർത്തോട്ടത്തിലാണ് വെള്ളിയാഴ്ച രണ്ടരയോടെ അജ്മലിനെ മരിച്ച നിലയിൽ കണ്ടത്. സയന്റിഫിക് അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കായി സാമ്പിളുകളെടുത്തു. ഡോഗ്‌ സ്‌ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി.

അജ്മൽ ഉപയോഗിച്ചിരുന്ന ചെരുപ്പ് രണ്ട് കിലോമീറ്റർ അകലെ ചെറുകാഞ്ഞിരക്കോടുള്ള സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോട്ടത്തിൽനിന്ന് കണ്ടെത്തി. മൃതദേഹം കിടന്നിരുന്നതിന്റെ 100 മീറ്റർ മാറി മറ്റൊരു ജോഡി ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പോലീസ് നായ ചെരുപ്പിന്റെ മണം പിടിച്ചശേഷം സമീപമുള്ള പഞ്ചായത്ത് ശ്മശാനത്തിന്റെ ഭാഗത്തേക്ക് അര കിലോമീറ്ററോളം ഓടി. വ്യാഴാഴ്ച രാത്രി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോസ്റ്ററൊട്ടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം അജ്മൽ പോയിരുന്നു. രാത്രി പത്തര വരെ ഇവർക്കൊപ്പമുണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, വടക്കഞ്ചേരി സി.ഐ ബി. സന്തോഷ്, എസ്.ഐ എ. അജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് സർജന്റെ നേതൃത്വത്തിൽ ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.