നെല്ലിയാമ്പതി : മഴ തുടങ്ങിയതോടെ നെല്ലിയാമ്പതി ചുരംപാതയിൽ മരങ്ങൾ കടപുഴകിവീണ് ഗതാഗതം മുടങ്ങുന്നത് പതിവാകുന്നു.

ബുധനാഴ്ചയും പോത്തുണ്ടി കൈകാട്ടിചുരം പാതയിൽ വാകമരം കടപുഴകിവീണ് രണ്ടുമണിക്കൂർ ഗതാഗതം മുടങ്ങി. രാവിലെ ആറുമണിയോടെ തേക്ക് പ്ലാന്റേഷന്‌ മുകൾഭാഗത്തായി കടപുഴകിവീണത്. വനപാലകരുടെ നേതൃത്വത്തിൽ പാതയിൽവീണ മരം പൂർണമായും മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നെല്ലിയാമ്പതി സെക്ഷൻ ഫോറസ്റ്റർ സി. ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.ആർ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം മുറിച്ചുമാറ്റിയത്. ശക്തമായ മഴതുടർന്ന ഒരാഴ്ചയ്‌ക്കിടെ ആറിടത്തായാണ് മരങ്ങൾ കടപുഴകിവീണത്. കഴിഞ്ഞ തിങ്കളാഴ്ച ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിനുമുകളിലും മരം കടപുഴകിവീണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.