മലമ്പുഴ : നാലുചുറ്റും ഉയർന്ന ചുമരിന്റെ മറയുണ്ട് മലമ്പുഴ ആനക്കൽ ട്രൈബൽ കോളനിയിലെ വിജയനും ഭാര്യയും അഞ്ചുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടിന്. പക്ഷേ, വെയിലും മഴയും നനയാതിരിക്കാൻ അതിനൊരു മേൽക്കൂര കെട്ടാനോ തറയിൽ പുല്ല് വളരാതിരിക്കാൻ നിലംകെട്ടാനോ വഴിയില്ലാത്തതിനാൽ ഇപ്പോഴും താമസം ഒറ്റമുറി ഷെഡ്ഡിലാണ്.

ഭവനനിർമാണ പദ്ധതിയിൽ അനുവദിച്ച മുഴുവൻ തുകയും കിട്ടിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. ആഗ്രഹിച്ച് കെട്ടിയ വീട്ടിൽ എന്നുതാമസിക്കാൻ പറ്റുമെന്നറിയാത്തതിനാൽ ബാക്കി ഫണ്ടിനായി പഞ്ചായത്തോഫീസിൽ കയറിയിറങ്ങുകയാണ് വിജയൻ. ഇത് വിജയന്റെ മാത്രം അവസ്ഥയല്ല, ആനക്കൽ കോളനിയിലെ അഞ്ച് കുടുംബങ്ങളാണ് വീട് പകുതി കെട്ടിയിരിക്കുന്നത്.

ചിലർ കൈയിൽനിന്ന്‌ പണമെടുത്ത് മേൽക്കൂര കെട്ടി വയറിങ് പണികൾ പൂർത്തിയാക്കി. സമീപ കോളനിയായ അയ്യപ്പൻപൊറ്റയിലും എലിവാലിലുമുള്ളവരും ഇതേപ്രശ്നം അനുഭവിക്കുന്നു. 2010-ൽ ഇ.എം.എസ്. സമ്പൂർണ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് വീടിന് തുക അനുവദിച്ചത്. പിന്നീട് വീട് പൂർത്തിയാക്കാനാവാത്തതിനെത്തുടർന്ന് 2010-ൽ വീണ്ടും ഫണ്ട് അനുവദിച്ചതായി പറയുന്നു. ആറുലക്ഷം രൂപയാണ് അനുവദിക്കുമെന്നറിയിച്ചതെങ്കിലും മൂന്നുലക്ഷം രൂപ മാത്രമാണ്‌ കൈമാറിയതെന്ന്‌ ഇവർ പറയുന്നു. നൽകിയ തുക ഉപയോഗിച്ച് വീട് വാർക്കാൻ സാധിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ ബ്ലോക്ക്പഞ്ചായത്തധികൃതർ തുക കൈമാറാതിരുന്നതെന്നും ആരോപിക്കുന്നു.

‘വെട്ടുകല്ലും കമ്പിയും മണലുമെല്ലാം കൊണ്ടുവന്ന് വണ്ടി വാടകയും നൽകി. നിരപ്പല്ലാത്ത സ്ഥലം നിരപ്പാക്കി. എന്നിട്ടാണ് ഇത്രയും പണി പൂർത്തിയാക്കിയത്. മുഴുവൻ തുകയും ചെലവാക്കിയില്ലെന്നാണ് പഞ്ചായത്തുകാർ പറയുന്നത്. ചെലവാക്കിയെന്നു തെളിയിക്കാൻ രേഖകളൊന്നും ഇപ്പോഴില്ല. കണക്കെഴുതിവെച്ചിട്ടുണ്ട്.

എന്നിട്ടും പണം അനുവദിക്കാത്തതിനാൽ ഒന്നും ചെയ്യാനാവില്ല’-താമസിക്കുന്ന ഷെഡ്ഡിൽനിന്ന്‌ തലകുനിച്ച് പുറത്തേക്കിറങ്ങി വിജയൻ പറയുന്നു. എന്നാൽ, മണിക്ക് പറയാനുള്ളത് മറ്റൊന്നാണ്. ‘എന്റെ മോള് തയ്യൽയന്ത്രം ചവിട്ടിയുണ്ടാക്കിയ കാശ് കൂട്ടിവെച്ചാണ്‌ വീട് വാർത്തതും വയറിങ് ചെയ്തതും.

ജനലന്നും ഇപ്പോഴും കെട്ടിയിട്ടില്ല. തുണിവെച്ച് മറച്ചാണ് കഴിയുന്നത്’. അതേസമയം, ഇ.എം.എസ്. സമ്പൂർണ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ആദ്യഗഡു തുക ഉപയോഗിച്ച്, ഉപഭോക്താക്കൾ വീടിന് തറപോലും കെട്ടിയിരുന്നില്ലെന്നും പിന്നീട് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്നും പ്രൊമോട്ടർ വിജയ പറഞ്ഞു.

പദ്ധതിയിൽ സ്ഥലത്തിന്റെ അളവ് കണക്കാക്കിയാണ് തുക അനുവദിക്കുന്നതെന്നും പദ്ധതി പ്രകാരമുള്ള മുഴുവൻ തുകയും കൈമാറിയെന്നും അവർ അറിയിച്ചു.

അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിക്കുമ്പോൾ ഇവരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ഇതുപയോഗിച്ച് വാർക്കപ്പണി പൂർത്തിയാക്കാനാവുമോ എന്നു പരിശോധിക്കുന്നുണ്ടെന്നും പ്രൊമോട്ടർ പറഞ്ഞു.