വടക്കഞ്ചേരി : ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഗൃഹനാഥനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി മാന്ത്രാംപള്ളം ബാബുവാണ് (ചൊടല-52) അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ ബാബു ഭാര്യ വസന്തയെയും (38) മകൻ ലോകനാഥനെയും (19) കൊടുവാളുകൊണ്ട് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ലോകനാഥന്റെ ഇടതുകാലിന്റെ എല്ലും ഇടതുചെവിക്കു പിറകിലെ നേർത്ത എല്ലും പൊട്ടി. തടയാൻ ശ്രമിച്ച വസന്തയുടെ വലതുകൈവിരലുകൾക്ക് വെട്ടേറ്റ് എല്ല് പൊട്ടി. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.