പുതുക്കോട് : അറവുമൃഗത്തെ കെട്ടിത്തൂക്കിയിടാനുള്ള സൗകര്യം. മാംസം വെട്ടിനുറുക്കി കഷ്ണങ്ങളാക്കാനുളള മരത്തടി. ഇത്രയുമായാൽ ഒരു അറവുശാല റെഡിയായി. അത് റോഡുവക്കോ തുറക്കാത്ത കടകളുടെ മുൻവശമോ എവിടെയായാലും പ്രശ്നമില്ല. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകളുടെ കാര്യമാണ്. അധികൃതരാരും വില്പന തടയാത്തിടത്തോളം അറവുശാലയ്ക്ക് പ്രവർത്തിക്കാം. കണ്ണമ്പ്രയിൽ ഒമ്പതും പുതുക്കോട്ട് 26-ഉം അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ശുചിത്വം പ്രശ്നം

വെള്ളവും ചെളിയും ആർത്തിരമ്പുന്ന ഈച്ചകളുമായി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവുശാലകളുടെ പ്രവർത്തനം. ചിലതിൽ കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് മാംസവില്പന. ചില അറവുശാലകൾ ആഴ്ചയിലൊരുദിവസം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അറവുമൃഗത്തിന്റെ കുടൽ വൃത്തിയാക്കിയെടുക്കുന്നത് വീടുകളിൽത്തന്നെയാണ്. കുടലിലെ ദുർഗന്ധം സമീപവീട്ടുകാർക്ക് അസഹ്യമാണ്. വൃത്തിയാക്കിയ കുടലാണ് ഹോട്ടലുകളിൽ ബോട്ടിയായി വിളമ്പുന്നത്.

മാലിന്യം തള്ളൽ തോന്നിയ സ്ഥലത്ത്‌

പൊതുസ്ഥലത്ത് എവിടെ വേണമെങ്കിലും മാലിന്യം തള്ളാമെന്നതാണ് അറവുശാലക്കാരുടെ രീതി. പുതുക്കോട് പാട്ടോലയിൽ ആൾത്താമസമില്ലാത്ത ഭാഗത്ത് റോഡരികിലാണ് കൂടുതലായും അറവുമാലിന്യം തള്ളുന്നത്. ഇറച്ചിയവശിഷ്ടം, എല്ലും തോലും തുടങ്ങി എല്ലാ മാലിന്യവും ഇവിടെ തള്ളുന്നുണ്ട്. പഞ്ചായത്ത് ദിവസങ്ങൾക്കുമുമ്പ് മാലിന്യമെല്ലാം സംസ്കരിച്ചിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. മാലിന്യം പഴയപടി കുന്നുകൂടിത്തുടങ്ങി.

ലൈസൻസിനത്തിൽ നഷ്ടം ലക്ഷങ്ങൾ

തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ലൈസൻസോടെ മാത്രമേ അറവുശാലകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അറവുശാലകൾക്ക് ലൈസൻസ് അനുവദിക്കുന്നതിലൂടെയും അത് പുതുക്കിനൽകുന്നതിലൂടെയും പഞ്ചായത്തുകൾക്ക് ഏകദേശം ആറുലക്ഷത്തോളം രൂപയുടെ വാർഷികവരുമാനമാണ് ലഭിക്കുക. അനധികൃത വില്പനയ്ക്കെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതിൽ രാഷ്ട്രീയ ഇടപെടൽമൂലം നടപടികളുമുണ്ടായില്ല.