കോയമ്പത്തൂർ : കോവിഡ്‌ വ്യാപന നിയന്ത്രണഭാഗമായി മുടങ്ങിക്കിടന്നിരുന്ന തമിഴ്‌നാട്‌ സ്റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ ബസ് സർവീസുകൾ സാധാരണനിലയിലേക്ക്‌ തിരിച്ചുവരുന്നു.

രണ്ടാഴ്ച മുമ്പാണ്‌ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചത്‌. ലോക്‌ഡൗണിന്‌ മുമ്പുള്ള അറുപത്‌ ശതമാനം ടിക്കറ്റ്‌ വില്പന വരുമാനം കോർപ്പറേഷന്‌ കിട്ടിക്കൊണ്ടിരിക്കുന്നതായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നു.

സൗജന്യയാത്ര ആനുകൂല്യം സർക്കാർ പ്രഖ്യാപിച്ചതിനാൽ വനിതായാത്രക്കാർ കൂടിയിരിക്കയാണ്‌.

ജില്ലയിൽ നിലവിൽ ടി.എൻ.എസ്‌.ടി.സി. ബസ്സുകളിൽ 4.5 ലക്ഷം പേർ നിത്യവും യാത്ര ചെയ്യുന്നതായാണ്‌ കണക്ക്‌. ഇതിൽ 1.5 ലക്ഷം സ്ത്രീകളാണ്‌. നിത്യേന 61.09 ലക്ഷം രൂപയാണ്‌ ടിക്കറ്റ്‌ വില്പനയിലെ വരുമാനം.

ജൂലായ്‌ അഞ്ചിനാണ്‌ ബസ്‌ സർവീസ്‌ പുനരാരംഭിച്ചത്‌. തുടക്കത്തിൽ ബസ്സിൽ യാത്രചെയ്യാൻ ജനങ്ങൾ മടിച്ചിരുന്നു. പൊതുവാഹനത്തിലെ യാത്ര രോഗപ്പകർച്ചയ്ക്ക്‌ കാരണമാകുമെന്ന വിശ്വാസത്തിലാണ്‌ ആദ്യമൊക്കെ ജനങ്ങൾ യാത്രയ്‌ക്ക്‌ മടിച്ചത്‌.

ബസ്സുകൾ കാലിയായാണ്‌ ഓടിച്ചിരുന്നത്‌. നിത്യേന 27 മുതൽ മുപ്പത്‌ ലക്ഷം രൂപയായിരുന്നു ടിക്കറ്റ്‌ വില്പനയിൽ കിട്ടിയത്‌. സർക്കാർ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഏറെ പിൻവലിച്ചതോടെ യാത്രക്കാർ കൂടിവന്നു.