ഒറ്റപ്പാലം : ഓൺലൈൻ ക്ലാസുകൾക്കായി സ്മാർട്ട് ഫോണുകൾ കൂടുതലായി ഉപയോഗിക്കപ്പെടുന്ന കാലത്ത് കുട്ടികൾ പലപ്പോഴും കബളിപ്പിക്കലിന് ഇരയാക്കപ്പെടുന്നതായി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മുമ്പ് കുട്ടികളിൽ നിന്ന് മാറ്റിവെച്ചിരുന്ന മൊബൈൽ ഫോണുകൾ ഇപ്പോൾ അവരെ നിർബന്ധിച്ച് ഉപയോഗിപ്പിക്കേണ്ട സംവിധാനമായി മാറി.

ഇവ ഉപയോഗിക്കുന്നതിലെ അവബോധത്തിന്റെ കുറവ് മൂലമാണ് പലപ്പോഴും കുട്ടികൾ കബളിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സീഡ് കേരള പോലീസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ശ്രദ്ധ വെബിനാർ പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുൾപ്പെടെയുള്ളവർ പറ്റിക്കപ്പെടാതിരിക്കാനുള്ള ബോധവത്കരണത്തിന്റെ തുടക്കമാവണം വെബിനാറെന്നും അദ്ദേഹം നിർദേശിച്ചു.

കേരളത്തിലെ 90 ശതമാനം പേരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന കാലത്ത് സൈബർ ലോകത്ത് സ്വയം സുരക്ഷിതരാവാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് വിഷയാവതരണം നടത്തിയ തിരുവനന്തപുരം സൈബർ അക്കാദമി ആൻഡ് ഫോറൻസിക് എജ്യുക്കേഷൻ ഡയറക്ടർ വികാസ് ഗോപിനാഥ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലെയും മറ്റും സുരക്ഷാമാർഗങ്ങൾ ഉപയോഗപ്പെടുത്തി സൈബർ ലോകത്തും സ്വയം സുരക്ഷിതമാവാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നദ്ദേഹം നിർദേശിച്ചു സുരക്ഷതരായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള മാർഗങ്ങളും അദ്ദേഹം വിദ്യാർഥികൾക്ക് പകർന്നുനൽകി.

ഒറ്റപ്പാലം എൽ.എസ്.എൻ. ഗേൾസ് ഹൈസ്‌കൂൾ, കേന്ദ്രീയ വിദ്യാലയ നമ്പർ വൺ ഹേമാമ്പിക നഗർ പാലക്കാട്, ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വടക്കഞ്ചേരി എന്നീ സ്‌കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽ രാജ്, ഒറ്റപ്പാലം എൽ.എസ്.എൻ. ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ എ.സി. ചൈതന്യ എന്നിവർ സംസാരിച്ചു. ഹേമാംബിക നഗർ കേന്ദ്രീയ വിദ്യാലയ നമ്പർ വൺ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ-ചാർജ് പി.കെ. ശോഭന, വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. അനു ഡേവിഡ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി.ഡി. ശ്രീനിവാസ് എന്നിവരും പങ്കെടുത്തു.