തൃത്താല : ലക്ഷകണക്കിന് ആളുകൾക്ക് കുടിവെള്ളംനൽകുന്ന വെള്ളിയാങ്കല്ല് തടയണയിൽ അറവുമാലിന്യം തള്ളി. ബുധനാഴ്ച കാലത്താണ് തൃത്താല ഹൈസ്കൂൾറോഡിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന എം.ആർ.എസ്. കെട്ടിടത്തിന്റെ പിറകുവശത്ത് ഭാരതപ്പുഴയിൽ മാംസാവശിഷ്ടം തള്ളിയനിലയിൽ കാണുന്നത്.

കുടിവെള്ളപദ്ധതിയുടെ പമ്പിങ് കിണറുകൾ സ്ഥിതി ചെയ്യുന്നതിന് 100 മീറ്റർ ചുറ്റളവിലാണ് സാമൂഹികവിരുദ്ധർ അറവുമാലിന്യം തള്ളിയത്. ജല അതോറിറ്റി അധികൃതർ തൃത്താല പോലീസിനെ വിവരമറിയിക്കയും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാലിന്യംതള്ളിയ വാഹനം കണ്ടെത്തുകയും ചെയ്തു. പോലീസ് നേതൃത്വത്തിൽ ഇവരെക്കൊണ്ടുതന്നെ തള്ളിയമാലിന്യം കോരി നീക്കി. മുൻ വർഷങ്ങളിലും സമാനരീതിയിൽ വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളിയിരുന്നു. മാസങ്ങൾക്ക് മുമ്പാണ് പ്രീ-മെട്രിക്ക് ഹോസ്റ്റൽ പരിസരത്തെ മാലിന്യംതള്ളൽ കേന്ദ്രമായ കുഴി തൃത്താലപഞ്ചായത്ത് നേതൃത്വത്തിൽ മണ്ണിട്ട് മൂടിയത്.

മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ നീക്കി