വാളയാർ : വാളയാർ ആർ.ടി.ഒ. ഔട്ട് ചെക്പോസ്റ്റിനുസമീപം ലോറിക്കുപിന്നിൽ മറ്റൊരു ലോറിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഇരുകാലും കാബിനിൽ കുടുങ്ങിപ്പോയ സഹായിയെ ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ആശുപത്രിയിൽ എത്തിക്കാനായത്. നാമക്കൽസ്വദേശി സുന്ദർ (24), കരൂർസ്വദേശി സാം ഷെറിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. സാം ഷെറിനാണ് കാബിനിൽ കുടുങ്ങിപ്പോയത്. ബുധനാഴ്ച പുലർച്ചെ 3.40-നാണ് അപകടം. ഇരുലോറിയും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സംഭവ സമയത്ത് മഴയും ഉണ്ടായിരുന്നു.

അപകടം നടന്നയുടൻ ഡ്രൈവറെ നാട്ടുകാർചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കഞ്ചിക്കോട്ടുനിന്ന്‌ അഗ്നിരക്ഷാസേനയെത്തി മുക്കാൽമണിക്കൂറോളമെടുത്ത് കാബിൻ വെട്ടിപ്പൊളിച്ചാണ് സാമിനെ പുറത്തെടുക്കാനായത്. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ പി.ഒ. വർഗീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.