പട്ടാമ്പി

: ഒരാളുടെയും സഹായമില്ലാതെ ഒന്നേമുക്കാൽ ഏക്കറിലെ കൃഷിപ്പണികൾ ഒറ്റയ്‌ക്ക് നിർവഹിക്കുന്ന ഒരാളുണ്ട് പരുതൂരിൽ -പുളിക്കപ്പറമ്പ് കോട്ടയിൽ ജയൻ. കൂലിച്ചെലവ്‌ കൂടിയതോടെ കഴിഞ്ഞ മൂന്നുവർഷമായി തൊഴിലാളികളില്ലാതെയാണ് ജയന്റെ കൃഷിപ്പണി. പരുതൂർ പാടശേഖരത്തിലെ ഒന്നേമുക്കാൽ ഏക്കർ പാടത്താണ് കൃഷി. അച്ഛനുമമ്മയും താനുമടങ്ങുന്ന കുടുംബത്തിന്റെ ചെലവ് നെൽക്കൃഷികൊണ്ടാണ് നിറവേറുന്നതെന്നാണ് ജയൻ പറയുന്നത്‌.

പട്ടാമ്പി കോളേജിൽ പ്രീഡിഗ്രി പൂർത്തിയാക്കിയ ജയൻ പി.എസ്.സി.പരീക്ഷകൾ കുറേ എഴുതിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ 45 വയസ്സായി. ഇക്കുറി ഒന്നാംവിള നെൽക്കൃഷിയുടെ പണികൾ മുഴുവൻ ഒരു യജ്ഞമായി പൂർത്തിയാക്കിയിരിക്കയാണ് ജയൻ. നെല്ല് നനവെച്ചതും കണ്ടത്തിലെ വരമ്പുകൾ പുല്ലുള്ളഭാഗം ചെത്തിയിറക്കിയതും മുളപൊട്ടിയനെല്ല് കൊണ്ടുവന്ന് പാവിയതും വെള്ളംവാർത്തതും പിന്നെ വെള്ളംകയറ്റിയതുമൊക്കെ തനിച്ച്‌ ചെയ്തു. കണ്ടംപൂട്ടാൻമാത്രം ട്രാക്ടർ ഉപയോഗിച്ചു.

12 ദിവസമെടുത്തായിരുന്നു നടീൽ. 25 ആളുടെ പണിയാണ് ഒറ്റയ്‌ക്ക് ജയൻ പൂർത്തീകരിച്ചത്. ക്ഷമയും ആരോഗ്യവും സമയവുമുണ്ടായതുകൊണ്ടാണ് ഇങ്ങനെ കഴിഞ്ഞതെന്നാണ് ജയൻ പറയുന്നത്. വിശാലമായ പരുതൂർ പാടശേഖരത്തിൽ ഒറ്റയ്ക്ക് നടീൽ ഇഴഞ്ഞുനീങ്ങുമ്പോൾ മടുപ്പ് തോന്നും. എങ്കിലും പിൻമാറാറില്ല. ഞാറുനടുന്നതിനും പ്രത്യേകതയുണ്ട്. നുരി കുറച്ചാണ് നടീൽ. അപ്പോൾ ചിനച്ചം നന്നായി പൊട്ടുമെന്നാണ് ജയൻ പറയുന്നത്. കളപറിക്കലും വള ഉപയോഗവുമെല്ലാം തനിച്ചുതന്നെ ചെയ്യുന്നത്. കൊയ്യലും മെതിക്കലും യന്ത്രംവഴിയാണ്.

മുമ്പ് കുടുംബവക പാടത്ത് കൃഷിപ്പണി ചെയ്തിരുന്നവരിൽനിന്നാണ് പണി മുഴുവൻ ജയൻപഠിച്ചത്. സ്വന്തമായി 10 സെന്റ് പുരയിടം കൂടിയുണ്ട്. അവിടെ പച്ചക്കറിക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ജയൻ. നെൽക്കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളാണ് വരുമാനത്തിന് കുറവുണ്ടാക്കുന്നത്.

കുടുതൽസ്ഥലത്ത് നെൽക്കൃഷി ചെയ്താൽ നല്ല ലാഭമുണ്ടാകുമെന്നാണ് ജയന്റെ അനുഭവം. പരുതൂർ കൂട്ടക്കടവ് പാടശേഖരസമിതിയിലെ കർഷകരുമായുള്ള അടുപ്പവും വലിയ പ്രചോദനമായെന്ന് ജയൻ പറയുന്നു. കൃഷിക്കാരനായ മാധവൻനാ യരുടെയും മീനാക്ഷിയമ്മയുടെയും മകനാണ്.