ചിറ്റൂർ : പ്ലാസ്റ്റിക് നിരോധനം, മാലിന്യനിർമാർജനം, ശുചിത്വം എന്നിവയ്ക്ക് അവാർഡ് കിട്ടിയ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഇപ്പോഴത്തെ സ്ഥിതി നേർ വിപരീതമാണ്. പ്ലാസ്റ്റിക് ഉപകരണങ്ങളും മലിനവസ്തുക്കളും പലേടത്തും കുന്നുകൂടി കിടക്കുന്നു.

തത്തമംഗലം ടൗണിൽ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ പാതയോരത്ത് ഇതാണ് സ്ഥിതി. വീടുകളിൽനിന്ന് പുറംതള്ളുന്നവയും, മത്സ്യ- മാംസ കടകളിലെ അവശിഷ്ടവും പാഴ്‌വസ്തുക്കളുമൊക്കെ പാതയോരത്ത് തള്ളിയിരിക്കുകയാണ്.

പലഭാഗത്തും മലിനവസ്തുക്കൾ കുന്നുകൂടി കിടക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വിഭാഗവും ശുചീകരണത്തൊഴിലാളികളും ഇതുവഴി പോകുന്നുണ്ടെങ്കിലും അവർ ശ്രദ്ധിക്കുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെ കണ്ടെത്താനുള്ള സംവിധാനവുമില്ല.

മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ നീക്കുമെന്നും നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത, വൈസ് ചെയർമാൻ എം. ശിവകുമാർ എന്നിവർ പറഞ്ഞു.