പട്ടാമ്പി: കോവിഡ് രണ്ടാംതരംഗ വ്യാപനം കേരളത്തിൽ ശക്തമായതോടെ ആശങ്കയിലാണ് പട്ടാമ്പിയിലെ മറുനാടൻ തൊഴിലാളികളും. കഴിഞ്ഞവർഷം കോവിഡിന്റെ തുടക്കത്തിൽ പട്ടാമ്പിയിൽനിന്ന്‌ നിരവധി മറുനാടൻ തൊഴിലാളികൾ സ്വന്തംനാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. അവരിൽ പകുതിയോളംപേർ മാത്രമാണ് തിരിച്ചെത്തിയത്.

കോവിഡ് ഭീഷണി അകന്നെന്ന ആശ്വാസത്തിൽ വീണ്ടും തൊഴിൽമേഖലകളിലെത്തിയ തൊഴിലാളികൾ വീണ്ടും ആശങ്കയിലാണ്. 2020 മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലായി 3200-ലധികം തൊഴിലാളികളാണ് പട്ടാമ്പി മേഖലയിൽ നിന്ന്‌ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയത്.

പശ്ചിമബംഗാൾ, ഒഡിഷ, ഛത്തീസ്ഗഢ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഇതിൽപ്പെടും. മടങ്ങിപ്പോവാൻ കഴിയാത്തവർ റോഡിലിറങ്ങി സമരംനടത്തിയ സംഭവവും പട്ടാമ്പിയിലുണ്ടായി. തുടർന്ന്, ഇവർക്ക് ഭക്ഷ്യക്കിറ്റുകളടക്കം ലഭ്യമാക്കിയിരുന്നു.

വിവിധ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് താമസസൗകര്യവും ഭക്ഷണവും മറ്റും ഉടമകൾ ലഭ്യമാക്കുന്നുണ്ട്.

അതേസമയം, ദിവസേന വിവിധ ജോലികൾക്കായി പട്ടാമ്പിയിൽ താമസിച്ച് പണിയെടുക്കുന്നവരാണ് പ്രതിസന്ധിവന്നാൽ ബുദ്ധിമുട്ടിലാവുന്നത്. നിലവിൽ പട്ടാമ്പിയിലെ മറുനാടൻ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടില്ലെങ്കിലും പ്രതികൂലസാഹചര്യമാണെങ്കിൽ ഉടൻ മടങ്ങാനുള്ള തയ്യാറെടുപ്പിലാണവർ. ട്രെയിനുകൾ മുടങ്ങില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പുള്ളതിനാൽ ഏതുസമയവും മടങ്ങാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് പട്ടാമ്പിയിലെ മറുനാടൻ തൊഴിലാളികൾ പറയുന്നു.

അതേസമയം, ഒഡിഷയിൽനിന്നുള്ള തൊഴിലാളികൾ കഴിഞ്ഞദിവസം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയിരുന്നതായി പട്ടാമ്പി റെയിൽവേസ്റ്റേഷൻ അധികൃതർ പറഞ്ഞു. നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാത്തതും തൊഴിൽമേഖലകൾ സ്തംഭിക്കാത്തതും മറുനാടൻ തൊഴിലാളികൾക്ക് ആശ്വാസമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ തൊഴിലാളികൾ താമസിച്ച് പണിയെടുക്കുന്ന പട്ടാമ്പി നിലവിൽ സംസ്ഥാന സർക്കാരിന്റെ ആലയപദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.