കിഴക്കഞ്ചേരി : കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഉരുൾപൊട്ടൽ ഭീഷണിയുള്ള കടപ്പാറ, വി.ആർ.ടി., ഓടംതോട്, പാലക്കുഴി മലയോരമേഖലകളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ സജ്ജമാക്കി. മഴ ശക്തിപ്പെട്ടാൽ ഉടൻതന്നെ മാറണമെന്ന് റവന്യൂ-പഞ്ചായത്ത് അധികൃതർ നിർദേശം നൽകി.

പാലക്കുഴിയിൽ സെന്റ് തോമസ് പള്ളിയിലെ പാരിഷ് ഹാൾ, ഓടംതോട്ടിൽ സെന്റ് ജൂഡ് പള്ളി, കടപ്പാറയിൽ ഗവ. എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. പറശ്ശേരി ഉപ്പുമണ്ണിൽ ഭൂമി വിണ്ടഭാഗത്തിനുസമീപം താമസിക്കുന്ന ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

പാലക്കുഴിയിൽ 13-ന് പൊന്മുടിമലയിൽനിന്ന് വലിയ പാറക്കല്ല് ഉരുണ്ട് താഴേക്ക് വീണിരുന്നു. ഇത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുഴ കരകവിയാൻ സാധ്യതയുള്ള കല്ലാനക്കര, കരിപ്പാലി, കാരാട്ടുപറമ്പ്, ആര്യങ്കടവ് കോളനി, മംഗലംപാലം ദൈവദാൻ സെന്റർ, ചോഴിയങ്കാട് എന്നിവിടങ്ങളിലെ താമസക്കാർക്കും അധികൃതർ ജാഗ്രതാനിർദേശം നൽകി.

ചിറ്റടി, ഒടുകൂർ, നെല്ലിക്കോട്, മംഗലംഡാം എന്നിവിടങ്ങളിൽ അപകടകരമായി നിന്നിരുന്ന മരങ്ങൾ വണ്ടാഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിച്ചുനീക്കി.

ബന്ധപ്പെടാവുന്ന നമ്പറുകൾ

വണ്ടാഴി : 9496047262, 9496047263, 8547614807, 8547614806, 8547614819.

കിഴക്കഞ്ചേരി : 9496047256, 8547614808, 8547614809.

വടക്കഞ്ചേരി : 9809110819, 8547614810, 8547614811.