പട്ടാമ്പി : നഗരസഭാപരിധിയിൽ മത്സ്യമാർക്കറ്റിൽ ഒഴികെയുള്ള മത്സ്യം, മാംസം, കോഴി എന്നിവയുടെ വിൽപ്പനക്കെതിരേ നടപടിയെടുക്കുമെന്ന് ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു. നിലവിൽ മത്സ്യമാർക്കറ്റിൽ മാത്രമാണ് ഇത്തരം കച്ചവടങ്ങൾക്ക് അനുമതിയുള്ളൂ. ഇരുചക്രവാഹനങ്ങളിലൂടെയുള്ള മത്സ്യവിൽപ്പനക്ക് മാത്രമാണ് പുറത്തുള്ള കച്ചവടത്തിന് അനുമതിയുള്ളത്. ഇപ്പോഴും പല സ്ഥലങ്ങളിലും അനധികൃതമായി മത്സ്യവിൽപ്പന നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശനനടപടികൾ എടുക്കുന്നതിന് നഗരസഭ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകിയതായി നഗരസഭാധ്യക്ഷൻ അറിയിച്ചു.