കോയമ്പത്തൂർ : നഗരഹൃദയഭാഗത്ത് പ്രവേശിക്കാതെ യാത്ര സുഗമവും എളുപ്പവുമാക്കുന്ന പശ്ചിമ റിങ്‌റോഡ് പണിക്ക് തുടക്കമാകുന്നു.
റിങ്‌റോഡ് പണിക്ക് ആദ്യഗഡുവായി സംസ്ഥാനസർക്കാർ 158 കോടിരൂപ അനുവദിച്ചു. സ്ഥലമെടുപ്പിനാണ് തുക. വിവിധ വില്ലേജുകളിലെ 210 ഭൂവുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരമാണിത്.
കേരളമുൾപ്പെടെയുള്ള അയൽജില്ലകളിൽനിന്ന് വരുന്ന വാഹനങ്ങൾ നഗരപ്രദേശത്ത് പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന കുരുക്കൊഴിവാക്കാൻ സംസ്ഥാനഹൈവേ അധികൃതർ വിഭാവനംചെയ്ത 32.4 കിലോമീറ്റർവരുന്നതാണ് പശ്ചിമ റിങ്‌റോഡ് പദ്ധതി.
കേരള-തമിഴ്‌നാട് അതിർത്തിയായ മയിൽക്കല്ലിൽനിന്നാരംഭിച്ച്
നരസിംഹനായ്‌ക്കൻപാളയംവരെ പോകുന്നതാണ് റോഡ്. നാലുവരിപ്പാത പണിയാൻ സംസ്ഥാനസർക്കാർ 845 കോടിരൂപ സംസ്ഥാന ഹൈവേവകുപ്പിന് അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ 320കോടി 15 വില്ലേജുകൾക്ക് ഭൂമി വിലക്കെടുക്കാനുള്ളതാണ്.
കഴിഞ്ഞ ഡിസംബറിൽ മധുക്കര, പേരൂർ, ചുണ്ടക്കാമുത്തൂർ, പേരൂർ, ചെട്ടിപാളയം, തീത്തിപ്പാളയം, മാതംപട്ടി പ്രദേശങ്ങളിലെ ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു. പശ്ചിമ റിങ്‌റോഡ് പദ്ധതിക്ക് മേൽനോട്ടംവഹിക്കുന്ന ജില്ലാ റവന്യൂ ഓഫീസർ രാമദുരൈ മുരുകന്റെ നേതൃത്വത്തിൽ സ്പെഷ്യൽ തഹസിൽദാർമാർ ഭൂമികൈമാറ്റം എളുപ്പമാക്കാൻ തീരുമാനിച്ചു. ഫെബ്രുവരി ആദ്യവാരത്തിൽ ഭൂവുടമകളായ 210 പേർക്ക് ഭൂമിവില വിതരണംചെയ്യും.
മധുക്കരമുതൽ മാതംപട്ടിവരെ 12 കിലോമീറ്ററാണ് സർക്കാർ ഏറ്റെടുക്കുക.
ഭൂമി സംസ്ഥാനഹൈവേ വകുപ്പിന് കൈമാറും. ഫെബ്രുവരി രണ്ടാംവാരം റോഡുപണി മയിൽക്കല്ലിൽനിന്ന് തുടങ്ങുമെന്ന് അധികൃതർ പറയുന്നു.