പഴനി : തൈപ്പൂയ്യോത്സവത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിലേക്ക് പാദയാത്രയായി വരുന്ന ഭക്തർക്ക് പഴനി ഷൺമുഖനദിയിൽ കുളിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാനടപടികൾ ദിണ്ടിക്കൽ ഡി.ഐ.ജി. എം.എസ്. മുത്തുസ്വാമി പരിശോധന നടത്തി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊടൈക്കനാൽ, പഴനി ഭാഗങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പഴനിയുടെ ചുറ്റുമുള്ള പാലാറ്-പോറന്തലാറ്, കുതിരയാറ്, വർധമാനദി അണകൾ നിറഞ്ഞുകവിഞ്ഞിരുന്നു.
ഇതുമൂലം ഷൺമുഖനദിയിൽ വെള്ളത്തിന്റെ വരവ് കൂടിയതിനെ തുടർന്നായിരുന്നു ഡി.ഐ.ജി.യുടെ പരിശോധന.
ജനുവരി 22 മുതൽ 31 വരെ പത്ത് ദിവസം പഴനി പെരിയനായകിയമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന തൈപ്പൂയ്യോത്സവത്തിന് സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പാദയാത്രയായി ദർശനത്തിനായി എത്തുക. ഇതിൽ ബഹുഭൂരിപക്ഷവും ഷൺമുഖനദിയിൽ കുളിച്ചതിനു ശേഷമാണ് ദർശനത്തിന് പോകുന്നത്.
ഷൺമുഖനദിയിൽ വെള്ളത്തിന്റെ വരവ് കൂടിയിട്ടുള്ളതിനാൽ കുളിക്കാൻ വരുന്ന ഭക്തർക്കായി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളെക്കുറിച്ച് പോലീസുകാരോട് ഡി.ഐ.ജി. ചോദിച്ചറിഞ്ഞു.
ഭക്തർ കുളിക്കുന്ന ഭാഗങ്ങളിൽ സദാ നിരീക്ഷണം നടത്തുന്നതിനും ആഴമുള്ള ഭാഗങ്ങളിൽ കൊടികൾ, നോട്ടീസ് ബോർഡ് വെക്കുന്നതിനും ഫയർഫോഴ്സ് അധികൃതർക്ക് നിർദേശവും നൽകി.