പാലക്കാട്: ലോറിയിൽ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവുമായി മൂന്നുപേർ വാളയാർ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ എരപ്പക്കാട് തയ്യിൽവീട്ടിൽ ബാദുഷ (26), പെരിന്തൽമണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേൽവീട്ടിൽ ഫായിസ് (21), ഇടുക്കി ഉടുമ്പൻചോല കട്ടപ്പന നരിയൻപാറ വരവുമലയിൽ ജിഷ്ണു (24) എന്നിവരാണ് പിടിയിലായത്.

പാലക്കാട് അസി. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് സ്പെഷ്യൽ സ്ക്വാഡും ചേർന്നുനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാണുമ്പോൾ കാലിവണ്ടിയാണെന്ന്‌ തോന്നിക്കുമെങ്കിലും ലോറിയുടെ പെട്ടിക്കടിയിൽ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രാപ്രദേശിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് മൂവരും പറഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു.

ഇവർ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും വൻതോതിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കടത്തി രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച് വില്പന നടത്തുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവുകടത്തുസംഘത്തിൽ കൂടുതൽ ആളുകളുണ്ടാവാമെന്നും അന്വേഷണം ഊർജിതമാക്കിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്. രാജൻ, പാലക്കാട്‌ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് അസി. എക്സൈസ് കമ്മിഷണർ എ. രമേശ്, പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. പി.കെ. സതീഷ്, എ.ഇ.സി. സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസർമാരായ എ. ജയപ്രകാശൻ, ആർ. വേണുകുമാർ, എസ്. മൻസൂർ അലി, ടി.ജെ. ജയകുമാർ, സി.ഇ.ഒ.മാരായ കെ. അഭിലാഷ്, ബി. ഷൈബു, കെ. ജ്ഞാനകുമാർ, ടി.എസ്. അനിൽകുമാർ, എം. അഷറഫലി, എ. ബിജു, കൃഷ്ണകുമാരൻ, ലൂക്കോസ്, കെ. ഉണ്ണിക്കൃഷ്ണൻ, വിനുകുമാർ, ശ്രീകുമാർ, ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.