ഒറ്റപ്പാലം : കണ്ണിയംപുറം ജെ.കെ. നഗറിൽ മുട്ടോളമുണ്ടായിരുന്ന ചെളിവെള്ളക്കെട്ടിന് താത്‌കാലിക പരിഹാരം.

ജെ.കെ. നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റോഡരികിൽ ചാല് വെട്ടിക്കീറി ചെളിവെള്ളം ഒഴുക്കിവിട്ടാണ് താത്കാലിക പരിഹാരം കണ്ടത്.

വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ക്വാറി വേസ്റ്റിട്ട് റോഡ് ഉയർത്തുകയും ചെയ്തിട്ടുണ്ട്. വീടുകൾക്കുമുന്നിൽ ചാലുകീറിയ ഭാഗങ്ങളിൽ കോൺക്രീറ്റ് സ്ലാബുകളും സ്ഥാപിക്കും.

ശാശ്വതപരിഹാരം കാണുന്നതിനുവേണ്ടി പ്രദേശത്ത് അഴുക്കുചാൽ നിർമിക്കുന്ന പദ്ധതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് വാർഡ് കൗൺസിലർ രൂപ ഉണ്ണി അറിയിച്ചു.

കണ്ണിയംപുറം-തൃക്കങ്ങോട് റോഡിലെ ജെ.കെ. നഗറിൽ മഴപെയ്താൽ പിന്നെ ചളിക്കുളമാണ് റോഡ്. 200-ലേറെ കുടുംബങ്ങളാണ് ജെ.കെ. നഗറിൽ താമസിക്കുന്നത്. അവർക്കെല്ലാം വരുന്നതിനും പോകുന്നതിനുമുള്ള റോഡിലാണ് ദുരിതമായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്.