ചെന്നൈ : മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷ(എം.ടി.സി.)ന്റെ ബസ്സുകളിൽ ദിവസവും സൗജന്യമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 7.5 ലക്ഷമായി ഉയർന്നതായി അധികൃതർ അറിയിച്ചു.

ഡി.എം.കെ. സർക്കാർ അധികാരത്തിലേറ്റയുടൻ ചെന്നൈയിലെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. തുടക്കത്തിൽ മൂന്ന് ലക്ഷം നാല് ലക്ഷം വരെയായിരുന്നു സ്ത്രീ യാത്രക്കാർ. സ്ത്രീ യാത്രക്കാരുടെ എണ്ണം പടി പടിയായി ഉയർന്ന് ഇപ്പോൾ 7.5 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.

3,233 എം.ടി.സി. ബസ്സുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് 2,900 ബസ്സുകളാണ് ഇപ്പോൾ സർവീസ് നടത്തിയിരുന്നത്.

കോവിഡ് വ്യാപനത്തിന് മുമ്പ് 32 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം.ഇപ്പോൾ 18 ലക്ഷം പേരാണ് യാത്ര ചെയ്യുന്നതെന്നും കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നതിനാൽ ക്രമേണ യാത്രക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു. സ്കൂളുകൾ എല്ലാം തുറന്നാൽ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കും. അധികൃതർ പറഞ്ഞു.

നഗരത്തിൽ സർവീസ് നടത്തുന്ന 140 മിനി ബസുകളിൽ 110 എണ്ണമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 48 എ.സി.ബസുകളിൽ 24 എണ്ണമാണ് സർവീസ് നടത്തുന്നത്.