ഷൊർണൂർ : കാർഷികോപകരണങ്ങൾ നിർമിക്കുന്ന പൊതുമേഖലാസ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിനെ ലാഭത്തിലാക്കാൻ പദ്ധതി തയ്യാറാക്കുന്നു. മെറ്റലിന് കീഴിലുള്ള സ്ഥലവും മറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശിച്ചതായി പി. മമ്മിക്കുട്ടി എം.എൽ.എ. പറഞ്ഞു.

സ്ഥാപനത്തിലെ ഉത്പാദനവർധന, വിപണനതന്ത്രം, വിതരണകേന്ദ്രം, പരസ്യങ്ങൾ എന്നിവയിലെല്ലാം മാറ്റംവരുത്തിയുള്ള റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദേശം. മെറ്റലിൽ നിർമിക്കുന്ന ഇരുമ്പുരുക്ക് നിർമാണ സാധനങ്ങൾക്കായി റെയിൽവാങ്ങുന്നത് ഇടനിലക്കാർ മുഖേനയാണ്. ഇത് നേരിട്ട് വാങ്ങാനുള്ള നിയമനടപടി സ്വീകരിക്കും. മെറ്റലിനുകീഴിൽ പെട്രോൾപമ്പ് ആരംഭിച്ചത് ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം വിനോദസഞ്ചാര മേഖലയെ ബന്ധപ്പെടുത്തി പാർക്ക് നിർമിക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. ഇതിനുപുറമെയാണ് വിശദമായ പദ്ധതി തയ്യാറാക്കുന്നത്.