പാലക്കാട് : മലമ്പുഴയിലെ ജില്ലാ ജയിലിന് ഇനി സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ഓർമയ്ക്കായുള്ള പേരത്തോട്ടവും അലങ്കാരമാകും. ജയിലിന്റെ മുൻവശത്ത് സ്ട്രോബറി പേര, തായ്‌ലൻഡ്‌ പേര, കിലോ പേര, നീല പേര, വയനാടൻ തുടങ്ങിയ വിവിധ ഇനങ്ങളിലുള്ള 30 തൈകൾ നട്ടുപിടിപ്പിച്ചു. രണ്ടര മീറ്റർ അകലത്തിൽ കുഴികളെടുത്ത് പ്രാരംഭ ജൈവവളപ്രയോഗം നടത്തിയാണ് നട്ടത്.

മാർക്കേസ് അനുസ്മരണം കേരള സാഹിത്യ അക്കാദമി പുരസ്കാരജേതാവ് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷനായി. ജെ.സി.ഐ. പാലക്കാട് ചാപ്റ്റർ പ്രസിഡന്റ് അജയ് ശേഖർ, ഭാരവാഹികളായ സലാം സമീറ, സറീന, സുമിത എന്നിവർ പങ്കെടുത്തു. ജയിൽ ലൈബ്രറിക്ക് പി. സുരേന്ദ്രൻ പുസ്തകങ്ങൾ സമ്മാനിച്ചു.